പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീഗുരുകുലം ട്രസ്റ്റിന്റെ കലാ സാംസ്‌കാരിക വിഭാഗമായ ശ്രീമുദ്ര ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിരുവാതിരരാവ് ടെലിവിഷൻ അവതാരിക ലക്ഷ്മി നക്ഷത്ര, പ്രശസ്ത സിനിമാതാരങ്ങളായ ഊർമ്മിള ഉണ്ണി,സീമ.ജി.നായർ, സ്വാമി ഗുരുക്കൾ ഡോ. അഭിലാഷ്. വി. ആർ.നാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം സുമതി, കലാമണ്ഡലം വസന്ത , പ്രഗതി സ്‌കൂൾ ഡയറക്ടർ ഡോ.ഇന്ദിര രാജൻ, പ്രാചീന കലയായ തിരുവാതിരക്ക് അർഹമായ സ്ഥാനം നേടി കൊടുത്ത സത്യവതി അമ്മ, ഇന്റർനാഷണൽ ലിംക ബുക്ക്ഒഫ് റെക്കാഡ്‌സിൽ സൂപ്പർ ടാലന്റഡ് കിഡ് അവാർഡ് കരസ്ഥമാക്കിയ യാമിക സുജിത് എന്നിവരെ യോഗത്തിൽ ആദരിച്ചു. ശ്രീമുദ്ര കോർഡിനേറ്റർ നിഷ വിനയൻ, പ്രശസ്ത അവതാരിക ആർദ്ര ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരരാവിൽ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാഥമിക മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് തിരുവാതിരസംഘങ്ങൾ മത്സരിച്ചു.
മത്സരത്തിൽ ഒന്നാംസ്ഥാനം അന്യോന്യം തിരുവാതിര സംഘം തൃപ്പൂണിത്തുറയും രണ്ടാംസ്ഥാനം ലാസ്യ വളയൻചിറങ്ങരയും മൂന്നാംസ്ഥാനം തിരുവാതിര അക്കാഡമി തിരുവൈരാണിക്കുളവും കരസ്ഥമാക്കി.