പെരുമ്പാവൂർ: നല്ല നാളെയുടെ വിപ്ലവസ്വപ്നങ്ങൾ സാക്ഷാത്കരിച്ചെടുക്കാൻ ജീവിതാന്ത്യം വരെ കർമ്മനിരതനായിക്കഴിഞ്ഞ ഇടപ്പള്ളി ശിവന്റെ ജീവിതകഥ ഇനി വായനക്കാരിലേക്ക്. സി.പി.ഐയുടെ സമുന്നത നേതാവായിരുന്ന എസ്. ശിവശങ്കരപിള്ളയുടെ ജീവിതകഥ അദ്ദേഹത്തിന്റെ മകൾതന്നെ രേഖപ്പെടുത്തുമ്പോൾ അതിൽ ആത്മബന്ധങ്ങളുടെ ആഴങ്ങൾകൂടി സന്നിവേശിക്കപ്പെടുന്നു. സഖാവിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് മകൾ ഗീതാ കൃഷ്ണൻ എഴുതി ലോഗോസ് ബുക്സ് പുറത്തിറക്കിയ ജീവിതാഖ്യായിക പുറത്തിറങ്ങുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പാർട്ടി ജില്ല സെക്രട്ടറി പി രാജുവിന് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. 56 അദ്ധ്യായങ്ങളിലായാണ് 240 പേജുകളിൽ ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസക്കരുത്ത് എന്ന പുസ്തകം വായനയ്ക്കെത്തുന്നത്. മുൻമന്ത്രി ബിനോയ് വിശ്വം അവതാരിക എഴുതിയിട്ടുള്ള ഈ ജീവിതാഖ്യാനത്തിന് ആമുഖമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രന്റേയും കെ സുരേന്ദ്രന്റേയും ആമുഖകുറിപ്പുകൾ ഉണ്ട്. ഇതിനു പുറമേ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന്റെ ആസ്വാദനവും.