ആലുവ: ചരക്കുലോറി ഇടിച്ച് തകർത്ത കൈവരി അറ്റകുറ്റപ്പണി നടത്താത്തത് തോട്ടുമുഖം പാലത്തിൽ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ നവംബർ 21ന് പുലർച്ചെയാണ് അമിത വേഗതയിൽ നിയന്ത്രണംവിട്ടെത്തിയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി കൈവരിയും ഇതോടുചേർന്നുള്ള ഇരുമ്പ് നിർമിത നടപ്പാതയും തകർത്ത ശേഷം മറിഞ്ഞത്.
പാലം അറ്റകുറ്റപ്പണിക്ക് അപകടം സൃഷ്ടിച്ച ലോറിയുടെ ഉടമകൾ തയ്യാറാവാത്തതാണ് പ്രതിസന്ധിയായത്. ഇതേത്തുടർന്ന് ലോറി ഡ്രൈവർക്കെതിരെ പി.ഡബ്ളിയു.ഡി ബ്രിഡ്ജസ് വിഭാഗം ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 4.30 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. വാഹന ഇൻഷ്വറൻസ് വഴിയേ പണം നൽകാനാകൂവെന്ന നിലപാടിലാണ് ലോറി ഉടമ. ഇതേതുടർന്ന് പി.ഡബ്ളിയു.ഡി അനുമതി നൽകാത്തതിനാൽ അപകടത്തിൽപ്പെട്ട ലോറി ഇപ്പോഴും പൊലീസ് വിട്ടുനൽകിയിട്ടില്ല.
ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിലാണ് തോട്ടുമുഖം പാലം. പാലം കഴിഞ്ഞാലുടൻ കൊടും വളവാണ്. ഇടത്തേക്ക് തിരിഞ്ഞ് മുഖ്യറോഡ് പോകുമ്പോൾ വലത്തേക്ക് തിരിഞ്ഞാൽ എടയപ്പുറം റോഡാണ്. തകർന്ന കോൺക്രീറ്റ് നിർമ്മിത കൈവരിക്ക് പകരം താത്കാലികമായി മരക്കുറ്റികൾ സ്ഥാപിച്ചിരിക്കുകയാണ്. പതുക്കെ പോകാൻ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് ബാനറും ഉണ്ട്. നടപ്പാതയ്ക്കും തകരാറുണ്ടെങ്കിലും റോഡിലൂടെ കാൽനട യാത്ര സുരക്ഷിതമല്ലാത്തതിനാൽ അപകടനിഴലിലും കാൽനടക്കാർ നടപ്പാത ഉപയോഗിക്കുകയാണ്. നടപ്പാതയും കൈവരികളെല്ലാം തകർന്ന് നടക്കാൻ പോലും സൗകര്യമില്ലാതെ കിടക്കുകയാണ്.
തോട്ടുമുഖം ഭാഗത്ത് സ്‌കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ശേഷം നിറുത്താതെ പോയ ലോറിയാണ് ഒന്നര കിലോമീറ്റർ അകലെ പാലത്തിന്റെ കൈവരിയും ഇരുമ്പ് നടപ്പാലവും തകർത്ത് മറിഞ്ഞത്. സ്‌കൂട്ടർ യാത്രികർക്ക് സാരമായി പരിക്കേറ്റെങ്കിലും ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ഭജാനന്ദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കോതമംഗലം ഓടക്കാലിയിൽ നിന്ന് പ്ലൈവുഡുമായി പൂനെയിലേക്ക് പോയതാണ്.
 എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് നൽകി
പാലത്തിന് തകരാറുണ്ടാക്കിയ ലോറി ഉടമകൾ അറ്റകുറ്റപ്പണിക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ 4.30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പി.ഡബ്ളിയു.ഡി റോഡ്സ് ചീഫ് എൻജിനയർക്ക് കൈമാറിയിട്ടുണ്ടെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ പീയൂസ് വർഗീസ് പറഞ്ഞു. ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ അപകടംവരുത്തിയവർ തന്നെ അറ്റകുറ്റപ്പണിക്ക്
തുക അടയ്ക്കുന്നത്.