
മൂവാറ്റുപുഴ: മത്സ്യക്കൃഷിയിൽ വിജയഗാഥയുമായി രാജു കുന്നത്ത് മുന്നോട്ട്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെയും റീസർക്കുലേറ്ററി അക്വാപോണിക്‌സ് സിസ്റ്റ് ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ മത്സ്യക്കൃഷി ചെയ്ത മുളവൂർ കുന്നത്ത് കെ.വി.രാജുവിന് നൂറുമേനി വിളവാണ് ഇക്കുറി ലഭിച്ചത്. മത്സ്യകൃഷിയ്ക്ക് ഉപയോഗിക്കുന്ന ജലം പുന:ചംക്രമണം നടത്തി അതിലടങ്ങിയിരിക്കുന്ന മത്സ്യ വിസർജ്ജ്യങ്ങളിലെ രാസമാലിന്യങ്ങളായ അമോണിയയെ ജൈവീകമാർഗത്തിലൂടെ വിഘടിപ്പിച്ച് ചെടികൾക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റാക്കി ഒരേ സമയം സസ്യവിളകളും മത്സ്യവും വളർത്തിയെടുക്കുന്ന സംയോജിത കൃഷി രീതിയായ റീ സർക്കുലേറ്ററി അക്വാകൾച്ചർ (ആർ.എ.എസ്) അഥാവ അക്വാപോണിക്‌സ് ഉപയോഗപ്പെടുത്തിയാണ് രാജു മത്സ്യ കൃഷി ചെയ്യുന്നത്. ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച 8000 തിലോപ്പിയ ഇനത്തിൽപെട്ട മത്സ്യമാണ് വ്യാഴാഴ്ച വിളവെടുക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റും ഇപ്പോൾ തൃശൂർ ഗവ.കോളേജിലെ എൽ.എൽ.ബി വിദ്യാർത്ഥിയുമായ 50കാരനായ രാജുവിന് ചെറുപ്പം തൊട്ടേ കൃഷിയോടായിരുന്നു താൽപര്യം. വീടിന് സമീപം ചെറിയൊരു പടുത കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ച രാജു ആദായകരമായതോടെ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ റീ സർക്കുലേറ്ററി അക്വാകൾച്ചർ അഥവാ അക്വാപോണിക്‌സ് സിസ്റ്റം സ്ഥാപിച്ച് മത്സ്യകൃഷി ശാസ്ത്രീയമാക്കുന്നതിന് ലക്ഷങ്ങളാണ് രാജുവിന് ചിലവായത്. ഇതോടൊപ്പം തന്നെ രാജുവിന്റെ രണ്ട് പടുത കുളങ്ങളിലായി 500 കട്ലയും 500 റൂഹ് ഇനത്തിൽപെട്ട മത്സ്യവും വളർത്തുന്നുണ്ട്. രാജുവിന്റെ ഭാര്യ ബിബിൻ രാജുവും മക്കളായ ഹെലൻ രാജുവും എയ്ഞ്ചൽ രാജുവും എൽദോസ് രാജുവും സഹായത്തിനായുണ്ട്. മീൻത്തീറ്റയ്ക്ക് പുറമെ അസോള, വാട്ടർ ക്യാബേജ്, ചേമ്പ് എന്നിവ വീട്ടിൽ തന്നെ വളർത്തി തീറ്റയായി നൽകുന്നുണ്ട്. പച്ചക്കറി കൃഷി, പശു വളർത്തൽ, മത്സ്യക്കുഞ്ഞുങ്ങളുടെ വില്പന, അലങ്കാര മത്സ്യങ്ങളുടെ വില്പന തുടങ്ങിയവയും രാജുവിനുണ്ട്. റീ സർക്കുലേറ്ററി അക്വാകൾച്ചർ സംവിധാനമുപയോഗിച്ച മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിക്കും. വൈസ് പ്രസിഡന്റ് നിസ മൈതീൽ അദ്ധ്യക്ഷയാകും.