
കൊച്ചി: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള എൻ.എസ്.എസ് (നാഷണൽ സർവീസ് സ്‌കീം) ക്യാമ്പിന്റെ ജില്ലാതല ഒരുക്കങ്ങൾ ആരംഭിച്ചു. അതിജീവനം 2021 എന്ന് പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിനായി 26 -ജനുവരി ഒന്ന്, 27 - ജനുവരി രണ്ട് എന്നിങ്ങനെ രണ്ടു തീയതികളിലൊന്ന് സ്‌കൂളുകൾക്ക് തിരഞ്ഞെടുക്കാം.
ജില്ലയിലെ 107 യൂണിറ്റുകളിലായി 5,100 വിദ്യാർത്ഥികളുണ്ടാവും. ജില്ലയിൽ എൻ.എസ്.എസ് വോളണ്ടിയർമാരായി 10,350 വിദ്യാർത്ഥികളുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസിഡൻസ് ക്യാമ്പുകൾ ഇക്കുറി ഒഴിവാക്കി. ക്യാമ്പ് രാവിലെ ഒമ്പത് മുതൽ അഞ്ചു വരെയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് മാതൃവിദ്യാലയങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാം. സൗകര്യമില്ലാത്തവർക്ക് മറ്റുസ്‌കൂളുകൾ അനുവദിക്കും. മുൻകൂട്ടി അനുമതി വേണം. ഇതുവരെ സ്‌കൂളുകളൊന്നും അപേക്ഷിച്ചിട്ടില്ല. രക്ഷകർത്താക്കളുടെ സമ്മതപത്രം സ്വീകരിക്കുന്നുണ്ട്. ക്യാമ്പുമായി ബന്ധപ്പെട്ട് ട്രക്കിംഗ്, പഠനയാത്ര, ക്യാമ്പ് ഫയർ എന്നിവയ്ക്ക് അനുമതിയില്ല.
കൊവിഡ് പ്രതിരോധത്തിന് മുൻഗണന
കൊവിഡ് പ്രതിരോധ ബോധവത്കരണ പരിപാടികൾക്കാണ് ക്യാമ്പിൽ മുൻഗണന. ക്യാമ്പിന് മുന്നോടിയായി നടത്തുന്ന വിളംബര റാലിയിൽ കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ പ്രദർശിപ്പിക്കും. ആരോഗ്യ വിഭാഗം പ്രതിനിധികൾ നയിക്കുന്ന കൊവിഡ് ബോധവത്കരണ ക്ലാസുകൾ ഉണ്ടാവും.
സർട്ടിഫിക്കറ്റിനുള്ള അവസരം
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർത്ഥി വോളണ്ടിയർമാർക്ക് ഒന്ന്, രണ്ട് വർഷങ്ങളിലായി 240 മണിക്കൂർ റെഗുലർ പ്രവർത്തനങ്ങളും ഏഴുദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുകയും വഴിയാണ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞവർഷം ക്യാമ്പ് നടക്കാതിരുന്നതിനാൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതിനാലാണ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇക്കുറി സ്പെഷ്യൽ ക്യാമ്പ് ഒരുക്കുന്നത്. എൻ.എസ്.എസ് സർട്ടിഫിക്കറ്റിൽ കേരളത്തിലെ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് 15 മാർക്ക് ബോണസ് ലഭിക്കും. നാഷണൽ യൂണിവേഴ്‌സിറ്റികളിലും വെയ്‌റ്റേജ് ലഭിക്കും.
കോ ഓർഡിനേറ്ററെ കൂടാതെ നാല് അദ്ധ്യാപകർ
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ അദ്ധ്യാപകരെ ഇക്കുറി ക്യാമ്പുകളിലേക്ക് അനുവദിച്ചിട്ടുണ്ട്. കോ ഓർഡിനേറ്ററെ കൂടാതെ നാലു അദ്ധ്യാപകർ ദിവസവും പങ്കെടുക്കും. രണ്ട് അദ്ധ്യാപികമാർക്കും രണ്ടു അദ്ധ്യാപകർക്കുമാണ് ചുമതല. ഇവരുടെ വിവരങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കണം.
രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ബോണസ് മാർക്ക് ലഭിക്കാൻ വൈകിയാണെങ്കിലും ക്യാമ്പുകൾ നടത്തേണ്ടത് അനിവാര്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാവും ക്യാമ്പുകൾ നടക്കുക.
പി.ഡി. സുഗതൻ
ജില്ലാ കോ ഓർഡിനേറ്റർ
എൻ.എസ്.എസ്