തൃപ്പൂണിത്തുറ: ബി.പി.സി.എൽ വിൽപന നടപടി ക്രമങ്ങൾ നിർത്തിവയ്ക്കണമെന്നും ബി.പി.സി.എൽ വിൽക്കാനുള്ള കാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക് അഫയേഴ്സിന്റെ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. സ്വകാര്യവത്കരണ തീരുമാനം പ്രഖ്യാപിച്ചതിനെ തുടർന്ന് കൊച്ചി റിഫൈനറിയുടെ പല വികസനപദ്ധതികളും നിറുത്തിവച്ചിരിക്കുകയാണ്. നഗരസഭയുടെയും സമീപ തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ ലക്ഷകണക്കിന് രൂപയുടെ സഹായം നൽകി വരുന്ന ബി.പി.സി.എൽ സ്വകാര്യവത്കരിച്ചാൽ ഇത്തരം സാദ്ധ്യതകൾ അടയുകയും നാടിന്റെ വികസന പ്രവർത്തനങ്ങൾ പിന്നോട്ടടിക്കുന്നതിനും ഇടയാക്കും.10 ലക്ഷം കോടി രൂപയുടെ ആസ്തി മൂല്യമുള്ള ബി.പി.സി.എൽ ഓഹരി വില കണക്കാക്കി വിൽക്കുന്നത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുന്ന തീരുമാനമാണെന്നും പ്രമേയത്തിൽ ചൂണ്ടികാട്ടുന്നു. ഇന്നലെ കൂടിയ കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.