ആലുവ: എടയപ്പുറത്ത് ജനവാസമേഖലയിൽ കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റിന് പരിശോധനയില്ലാതെ ഗ്രീൻ ചാനൽവഴി അനുവാദം നൽകിയത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പരാതിനൽകി. വിവാദകമ്പനിക്ക് അനുമതി നൽകിയ കാലയളവിൽ കടവന്ത്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കൈക്കൂലിക്കേസിൽ കോട്ടയത്ത് പിടിക്കപ്പെട്ട എ.എം. ഹാരിസ്. അതിനാൽ പണംവാങ്ങി അനുമതി നൽകിയതാണോയെന്ന് സംശയമുണ്ട്. ജനകീയ സമര സമിതിയുടെ പരാതിയെ തുടർന്ന് ഇപ്പോഴത്തെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ മലിനീകരണം കണ്ടെത്തിയ സ്ഥിതിക്ക് നേരത്തെ അനുമതി നൽകിയതിൽ എ.എം. ഹാരിസിന്റെ ഇടപെടലുകൾ കൂടി വിജിലൻസിന്റെ അന്വേഷണ പരിധിയിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെല്ലിൽ പരാതി നൽകിയതായി ജനകീയ സമരസമിതി പ്രസിഡന്റ് സി.എസ്. അജിതൻ, സെക്രട്ടറി എം.എം, അബ്ദുൾ അസീസ് എന്നിവർ പറഞ്ഞു.