mannoor
മണ്ണൂരിലെത്തിയ ഉദ്യോഗസ്ഥരുമായി റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ ചർച്ച നടത്തുന്നു

കോലഞ്ചേരി: മണ്ണൂർ - പോഞ്ഞാശേരി റോഡും കോടതികയറി. അനിശ്ചിതമായി നീളുന്ന റോഡ് പണിമൂലം സഹികെട്ട നാട്ടുകാർ രൂപീകരിച്ച റോഡ് സംരക്ഷണസമിതിയാണ് നിർമാണം പുനരാരംഭിക്കാൻ ഹൈക്കോടതിയിലെത്തിയത്. സമിതി ഭാരവാഹികളായ ജോബ് മാത്യു, ബോസ് തോമസ്, പോൾ മാത്യു എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹർജിയിൽ സർക്കാരിനും കിഫ്ബിക്കും കേരള റോഡ്ഫണ്ട് ബോർഡിനും റോഡിന്റെ കരാറുകാരായ ഡീൻസ് ഗ്രൂപ്പിനും നോട്ടീസ് അയച്ചു. റോഡിന്റെ നിർമാണപുരോഗതി വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ

ജസ്​റ്റിസ് എൻ.നഗരേഷ് നിർദേശിച്ചു. തുടങ്ങി നാലുവർഷമായിട്ടും റോഡ് നിർമാണം പൂർത്തിയായിട്ടില്ലെന്നും നിലവിൽ നിർമാണപ്രവൃത്തികൾ ഉപേക്ഷിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. റോഡ് ബി.എം ബിസി നിലവാരത്തിൽ നിർമിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. റോഡ് താറുമാറായി കിടക്കുന്നതിനാൽ പ്രദേശത്തു റോഡപകടങ്ങൾ വർദ്ധിച്ചു വരുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം റോഡിന്റെ താറുമാറായി കിടക്കുന്ന ഭാഗങ്ങളിലെ അ​റ്റകു​റ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് റോഡ് ഫണ്ട് ബോർഡ് കോടതിയിൽ ബോധിപ്പിച്ചു. അഡ്വ. ബി.എച്ച് മൻസൂർ മുഖേനയാണ് റോഡ് സംരക്ഷണസമിതി കോടതിയെ സമീപിച്ചത്. ഹർജിയിൽ നോട്ടീസയച്ചതിനു പിന്നാലെ കിഫ്ബിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.ആർ.എഫ്.ബി, പി.ഡബ്ളിയു.ഡി അടക്കുള്ള എല്ലാ വകുപ്പുകളുടെ ഉദ്യോഗസ്ഥരും കോൺട്രാക്ടറും ഇന്നലെ മണ്ണൂരിലെത്തി. റോഡുപണി വൈകുന്നതിനെ കുറിച്ചുള്ള വിശദറിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശത്തെതുടർന്നാണ് സന്ദർശനം. റോഡ് സംരക്ഷണ സമിതി പ്രവർത്തകരുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. മുടങ്ങി കിടക്കുന്ന പണികൾ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമര സമിതി നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥരെ അറിയിച്ചു.

 ബില്ലുകൾ ഇഴയുന്നു

രണ്ട് വർഷമായി നിർമാണത്തിന്റെ പാർട് ബില്ലുകൾ നൽകിയിട്ട് ഇതുവരെ പാസായിട്ടില്ലെന്ന് കരാറുകാരൻ പറയുന്നു. ഇതുസംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മണ്ണൂരിലെ സമരത്തിന്റെ രണ്ടാംഘട്ടമായി കഴിഞ്ഞദിവസം കൂഴൂരിൽ നിന്നും കരിങ്കൊടിയും, ശവമഞ്ചവുമായി സംരകഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥ നടത്തിയിരുന്നു. തുടർന്ന് സമരപന്തലിന്റെ ഉദ്ഘാടനം സംരക്ഷണ സമിതി പ്രസിഡന്റ് ജോബ് മാത്യു നിർവഹിച്ചു.