മൂവാറ്റുപുഴ: മുളവൂർ തോട് സംരക്ഷണത്തിനായി പദ്ധതി തയാറാക്കുന്നു. ഇതിന്റെ ഭാഗമായി മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ മുളവൂർ തോട് ഒഴുകുന്ന പ്രദേശങ്ങളിൽ പരിശോധന നടത്തി. മുളവൂർ തോട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കാനും, മാലിന്യം നീക്കംചെയ്യാനും, തോടിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും തോട്ടിലെ ചെക്ക്ഡാമുകൾ നവീകരിക്കാനുമാണ് പദ്ധതി. മാത്യു കുഴൽനാടൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതി തയാറാക്കുന്നത്. ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ എം.കെ.ഷാജി, ഓവർസിയർമാരായ എസ്.എ.ശ്രീല, റിജോ സി.സാംസൺ, പഞ്ചായത്ത് അംഗം പി.എം.അസീസ് എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്നും ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്. പായിപ്ര പഞ്ചായത്ത് അതിർത്തിയായ കുര്യംപുറം മുതൽ പെരുമറ്റം വരെയുള്ള ഭാഗത്തെ തോടിന്റെ നവീകരണത്തിനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കുന്നത്.