ഫോർട്ട്കൊച്ചി: കൊച്ചിൻ കോർപ്പറേഷൻ പുതുവത്സരാഘോഷമായ കൊച്ചിൻ കാർണിവലിന് നൽകാനുള്ളത് ലക്ഷങ്ങൾ. രണ്ടു വർഷക്കാലത്തെ (2018-2019) കുടിശികയായ നാലരലക്ഷം രൂപയാണ് നൽകാനുള്ളതായി കണക്ക്. പ്രച്ഛന്നവേഷങ്ങളടക്കമുള്ളവർക്ക് നൽകുന്ന മേയേഴ്സ് ട്രോഫി സമ്മാന തുകയാണിത്. പുതുവത്സരദിനത്തിലെ കാർണിവൽ റാലിയിലെ പ്രച്ഛന്ന വേഷങ്ങൾ വ്യക്തിഗതവും ഗ്രൂപ്പും, നിശ്ചല ദൃശ്യങ്ങൾ എന്നിവർക്ക് നൽകാറുള്ള സമ്മാനത്തുകയാണ് മേയർ ട്രോഫിയിലുൾപ്പെടുക. മുൻ കാലങ്ങളിലും ഇപ്രകാരം കുടിശ്ശിക ഉണ്ടാകാറുണ്ടെങ്കിലും അത് അടുത്ത ഘട്ടത്തിൽ പരിഹരിക്കപ്പെടാറുണ്ടെന്നാണ് പറയുന്നത്.സാമ്പത്തിക പരാധീനതയാണ് തുക നൽകാതിരിക്കാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ നഗരസഭ മറ്റിനങ്ങളിൽ കോടികൾ ചെലവഴിക്കുന്നത് ഉയർത്തിക്കാട്ടി കാർണിവൽ കടത്തിലെ പ്രതിസന്ധി പരിഹാരത്തിൽ ഭരണാധികാരികളുടെ ഇരട്ട സമീപനമാണെന്ന് ഒരു വിഭാഗം പരാതിയുമുയർത്തുന്നുണ്ട്. നഗരസഭയിൽ നിന്ന് ലക്ഷങ്ങൾ എന്ന് കിട്ടുമെന്ന അവ്യക്തതയിലാണ് സംഘാടകർ. ഫോർട്ടുകൊച്ചി ആർ.ഡി.ഒ അദ്ധ്യക്ഷനായുള്ള കാർണിവൽ കമ്മിറ്റിയാണ് ആഘോഷത്തിന് നേതൃത്വം നൽകുന്നത്.10മുതൽ 15 ലക്ഷം രൂപ വരെയാണിതിന് ചെലവ്. സർക്കാർ തലത്തിലോ ടൂറിസം തലത്തിലോ യാതൊരുവിധ സഹായങ്ങളുമില്ലെങ്കിലും സ്പോൺസർഷിപ്പിലാണ് ആഘോഷം നടക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ഈ വർഷം കാർണിവൽ ആഘോഷ ഇനങ്ങളിൽ കടുത്ത നിയന്ത്രണമുണ്ട്. കൊച്ചിയിൽ ഏറെ വിദേശ- ആഭ്യന്തര വിനോദ സഞ്ചാരികളെത്തുന്ന ആകർഷക ഉത്സവങ്ങളിലൊന്നാണ് കൊച്ചി കാർണിവൽ. ജനകീയാഘോഷം കൈയ്യടക്കാൻ രാഷ്ട്രീയ കക്ഷികൾ നടത്തിയ ശ്രമങ്ങളും തിരിച്ചടികളും സർക്കാർ ഏജൻസികളിൽ നിന്നുള്ള സഹായങ്ങൾക്ക് പ്രതിസന്ധിയായതായും ആരോപണമുണ്ട്.