കൊച്ചി: കൊവിഡ് മരണ ധനസഹായ പദ്ധതിയിൽ 2.12 കോടി രൂപ വിതരണം ചെയ്തു. 424 അപേക്ഷകർക്കാണ് തുക കൈമാറിയത്. 1,436 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 846 അപേക്ഷകൾ അംഗീകരിച്ചു. മറ്റ് അപേക്ഷകളിൽ നടപടികൾ തുടരുകയാണ്.

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ലഭിക്കുന്ന സർക്കാർ ധനസഹായത്തിന് www.relief.kerala.go.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ അപ്പീൽ മുഖാന്തിരം എ.ഡി.എമ്മിൽ നിന്നും ലഭിച്ച ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, അനന്തര അവകാശികൾ ഉൾപ്പെട്ട റേഷൻ കാർഡ്, ആധാർ കാർഡുകൾ, ബാങ്ക് പാസ്ബുക്ക് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതമാണ് സർക്കാർ നൽകുന്നത്.

ഗുണഭോക്താവല്ല അപേക്ഷ സമർപ്പിച്ചതെന്ന കാരണത്താൽ അപേക്ഷ നിരസിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശം വില്ലേജ് ഓഫീസർമാർക്ക് നൽകി. നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത് ആരായാലും അപേക്ഷ സ്വീകരിച്ച് അർഹരായവരുടെ പേരിൽ ധനസഹായം വിതരണം ചെയ്യും. അകാരണമായി അപേക്ഷ നിരസിക്കുകയോ മടക്കുകയോ ചെയ്യാൻ പാടില്ലെന്ന കർശന നിർദ്ദേശവുമുണ്ട്.