photo
വൈപ്പിൻ ബ്ലോക്ക് ക്ഷീരസംഗമം കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഇടപ്പള്ളി, വൈപ്പിൻ ബ്ലോക്കുകളിലെ ക്ഷീരസംഗമങ്ങൾ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും മറ്റു സഹകരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിൽ പൊതുസമ്മേളനം, സെമിനാർ, വിവിധ വിഭാഗങ്ങളിൽ മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി പ്രദർശനം, ഡയറി ക്വിസ് എന്നിവ നടന്നു.
ക്ഷീരകർഷകർ അഭിമുഖീകരിക്കുന്ന കാലിത്തീറ്റ വിലവർദ്ധന ഉൾപ്പെടെ പ്രതിസന്ധികൾ നിയമസഭയിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. ഇതിനായി ക്ഷീരസംഗമത്തിലെ ചർച്ചകളിൽ ഉരുത്തിരിയുന്ന ആവശ്യങ്ങൾ ക്രോഡീകരിച്ചു നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
വൈപ്പിൻ ബ്ലോക്ക് ക്ഷീരസംഗമം അയ്യമ്പിള്ളി സഹകരണ നിലയത്തിൽ പെരുമ്പിള്ളി ക്ഷീരസംഘത്തിന്റെ ആതിഥ്യത്തിലും ഇടപ്പള്ളി ബ്ലോക്ക് ക്ഷീരസംഗമം എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ പുതുവൈപ്പ് ആപ്‌കോസിന്റെ ആതിഥ്യത്തിലുമാണ് നടന്നത്. സമ്മേളനങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമനും ട്രീസ മാനുവലും അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും മുതിർന്ന കർഷകനെ എം.എൽ.എ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.ഡോണോ, അഡ്വ.എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. എ. സാജിത്ത്, ജോസി വൈപ്പിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ടി. ഫ്രാൻസിസ്, നീതു ബിനോദ്, കെ. എസ്. നിബിൻ, രസികല പ്രിയരാജ്, മേരി വിൻസെന്റ്, വി. എസ്. അക്ബർ, പി. പി. ബിന്ദുമോൻ, കെ. എസ്. ബിന്ദുജ, ജെ. ഷൈമ, ഒ. കെ. കാർത്തികേയൻ, ഷൈലി അജീഷ്,പി. ഡി. നന്ദന, പി.കെ. ബാബു എന്നിവർ പങ്കെടുത്തു.