1

മട്ടാഞ്ചേരി:സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെയും മകളെയും അക്രമിച്ച തെരുവ് നായ്ക്കളെ പിടികൂടി.ആനിമൽ ബെർത്ത് കൺട്രോളിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ ശല്യമായി മാറിയ നായ്ക്കളെ പിടികൂടിയത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫിന്റെ ഇടപെടലിനെ തുടർന്നാണ് നടപടിയുണ്ടായത്. തിങ്കളാഴ്ചയാണ് ആശുപത്രിയിൽ രക്തപരിശോധനക്കെത്തിയ യുവതിയെയും നാല് വയസുകാരി മകളെയും തെരുവുനായ്ക്കൾ അക്രമിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം അടിയന്തര നടപടി സ്വീകരിച്ചത്. ആനിമൽ ബെർത്ത് കൺട്രോൾ ജീവനക്കാരായ ടി.കെ ബിജു, സുനീഷ്, ജിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് നായ്ക്കളെ പിടികൂടിയത്. അതേസമയം പശ്ചിമ കൊച്ചിയിലെ തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നായ്ക്കളുടെ അക്രമത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവ് അജീഷും പരാതി നൽകാൻ എത്തിയിരുന്നു. കൊച്ചിയിലെ തെരുവുകളിൽ രാത്രിയും പകലും തെരുവ് നായ്ക്കളെ ഭയക്കാതെ നടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഈരവേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. സംജാദ്, ആർ.ബഷീർ, കെ.എ അജാസ്, സുജിത്ത് മോഹനൻ, ഇ.എ ഹാരിസ്, പി.എ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.