sajid
സാജിദ്

ആലുവ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വസ്ത്രവ്യാപാര സ്ഥാപനത്തിനുള്ളിൽ ഉടമ തൂങ്ങി മരിച്ചു. റെയിൽവേ സ്‌റ്റേഷൻ റോഡിലെ ഹസ്‌നാസ് ടെക്സ്റ്റൈൽസ് ഉടമ ആലുവ കൊടിക്കുത്തുമല മണ്ണാറ വീട്ടിൽ എം.എച്ച്. സാജിദ് (49) ആണ് മരിച്ചത്.

ഇന്നലെ പകൽ 11 മണിയോടെയാണ് സംഭവം. രാവിലെ കടയുടെ മുകൾ നിലയിലേക്ക് പോയ സാജിദിനെ ഏറെ സമയമായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്.

കൊവിഡ് ലോക്ഡൗണിന് ശേഷം കച്ചവടം പ്രതിസന്ധിയിലായിരുന്നു. ആലുവ മർച്ചന്റ്സ് അസോസിയേഷന് കീഴിലുള്ള സഹകരണ സൊസൈറ്റിയിൽ നിന്ന് സാജിദ് ഏഴ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുടിശിക സഹിതം ഇപ്പോൾ പത്ത് ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ട്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മകൾ ക്ഷമിക്കണമെന്നും നല്ല നിലയിൽ വിവാഹം നടത്താനാണ് കഷ്ടപ്പെട്ടതെന്നും കത്തിൽ പറയുന്നു. ഒരു വർഷത്തോളമായി മാനസിക പ്രയാസത്തിലാണ്. പലരും തന്നെ കൈയൊഴിഞ്ഞതായും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊടികുത്തുമല ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: സീനത്ത്. മകൾ: ഹസ്‌നത്ത്.