df

കൊച്ചി: ജനകീയ വിഷയങ്ങൾ ആഴത്തിൽ പഠിക്കുക. അത് മികച്ച രീതിയിൽ അവതരിപ്പിച്ച് നടപടിക്ക് വഴിയൊരുക്കുക. സ്വന്തം പാ‌ർട്ടിക്ക് എതിരായിരുന്നാൽ പോലും കൈക്കൊണ്ട തീരുമാനത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകാത്ത പ്രകൃതം. അതായിരുന്നു പി.ടി തോമസ്. പരിസ്ഥിതി പ്രവർ‌ത്തകനായ ജനപ്രതിനിധിയെന്ന വിശേഷണമുള്ള പി.ടി അടുത്തിടെ മാത്രം ഉയ‌ർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ രാഷ്ട്രീയകേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതായിരുന്നു. പലതും വിവാദമായി. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ത‌ർക്കം പരിഹരിക്കാൻ ഇടപെട്ട് കൈപൊള്ളിയെങ്കിലും പി.ടി. പതിവിലും കരുത്തോടെ തിരിച്ചുവന്നു. തൃക്കാക്കരയുടെ എം.എൽ.എ ആയിരുന്നെങ്കിലും ഫലത്തിൽ ജില്ലയുടെ പ്രതിപക്ഷ സ്വരമായിരുന്നു പി.ടി തോമസ്. എന്നും ജനപക്ഷത്തുനിന്ന നേതാവിനോട് ആദരമ‌ർപ്പിച്ച് തൃക്കാക്കര മണ്ഡലത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 കിറ്റെക്‌സ് കമ്പനിക്കെതിരെ പി.ടി തോമസ് നടത്തിയ പോരാട്ടങ്ങൾ പിന്നീട് തുറന്ന പോരിനാണ് വഴിയൊരുക്കിയത്. തന്റെ മണ്ഡലത്തിലൂടെ ഒഴുകുന്ന കടമ്പ്രയാ‌ർ മലിനപ്പെടുന്നുവെന്ന തിരിച്ചറിവാണ് പി.ടിയെ ചൊടിപ്പിച്ചത്. കിറ്റെക്‌സ് മാലിന്യംസംബന്ധിച്ച് സർക്കാർ സംവിധാനങ്ങൾ നേരത്തെ കണ്ടെത്തിയ റിപ്പോർട്ടുകളും പി.ടി തോമസ് പുറത്തുകൊണ്ടുവന്നു.

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായ എക്‌സാലോജിക്ക് എന്ന കമ്പനിക്ക് സ്പ്രിംഗ്ലറുമായി ബന്ധമുണ്ടെന്ന് പരിശോധിക്കണമെന്ന പി.ടിയുടെ ആരോപണം സ്പ്രിംഗ്ലർ വിവാദത്തിന് മറ്റൊരു വാതിൽ തുറക്കുന്നതായിരുന്നു. 2014 മുതൽ ബംഗളൂരിൽ പ്രവർത്തിച്ചിരുന്നു എക്‌സാലോജിക്കിന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തനിലയിലാണെന്നും പി.ടി കണ്ടെത്തി പുറത്തുകൊണ്ടുവന്നു.

 സർക്കാരിനെ വെട്ടിലാക്കിയ മുട്ടിൽ മരംമുറിയിലും പി.ടി ഉയർത്തിയ ആരോപണങ്ങൾ സർക്കാരിനെ വരിഞ്ഞുമറുക്കി. കർഷകരെ മറയാക്കിയ ഉത്തരവിന് പിന്നിൽ അവതാരങ്ങളാണെന്നും ആദിവാസികളുടെ 150-200 വർഷങ്ങൾ പഴക്കമുള്ള ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യമെന്നും പി.ടി തോമസ് തെളിവുകൾ നിരത്തി.

 അസുഖ ബാധിതയായ കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നൽകാൻ സർക്കാർ മുന്നോട്ടുവന്നെങ്കിലും പ്രതിപക്ഷത്ത് നിന്ന് പോലും തീരുമാനത്തെ വിമർശിച്ച് നേതാക്കൾ രംഗത്തുവന്നു. എന്നാൽ കെ.പി.എ.സി ലളിതയ്ക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് പി.ടി തോമസ് വ്യക്തമാക്കിയത് കോൺഗ്രസിൽ പുതിയ തർക്കത്തിന് വഴിതുറന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട് കെ.പി.എ.സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പി.ടി നൽകി.

 ഓണക്കിറ്റിൽ നൽകാൻ വാങ്ങിയ ഏലത്തിൽ എട്ട് കോടിയുടെ അഴിമതി നടത്തിട്ടുണ്ടെന്ന് ആരോപണം സർക്കാരിന് പ്രഹരമായി. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 ന‌ാർക്കോട്ടിക്ക് ജിഹാദ് പരാമശം നടത്തിയ പാലാ ബിഷപ്പിനെതിരെയും മുഖം നോക്കാതെ പി.ടി പ്രതികരിച്ചു. ബിഷപ്പിന്റെ പ്രസ്താവന സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ലെന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും തുറന്നടിച്ചു.

 ഭൂമി ഇടപാടിൽ കുരുങ്ങി

റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ മറവിൽ കള്ളപ്പണം കൈമാറാൻ പി.ടി. തോമസ് ഇടപെട്ടതായിട്ടുള്ള ആരോപണം പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നതായി. ഇടപ്പള്ളിയിലെ അഞ്ചുമനയിൽ വസ്തു വിൽപ്പനയിടപാടിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ ചട്ട ലംഘനമാണെന്നും കണ്ടെത്തിയിരുന്നു. പണം കൈമാറുന്നതിനിടെ സ്ഥലത്തെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പേടിച്ച് പി.ടി ഓടി രക്ഷപ്പെട്ടെന്നായിരുന്നു ആരോപണം. എന്നാൽ ഇക്കാര്യം അദ്ദേഹം നിഷേധിച്ചിരുന്നു. 88 ലക്ഷം രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായിട്ടാണ് താൻ സ്ഥലത്ത് പോയതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പി.ടി പ്രതികരിച്ചത്.

 പി.ടി ഇടപെട്ടു, കേസ് സ്ട്രോംഗായി

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബാഹ്യഇടപെടൽ ഉണ്ടാകുന്നതിന് മുമ്പേ പൊലീസിനെ വിളിച്ചുവരുത്തി കേസെടുപ്പിച്ചതിന് പിന്നിൽ പി.ടിയുടെ ചടുലമായ നീക്കമായിരുന്നു. സംഭവദിവസം നടൻ ലാൽ അറിയിച്ചതിനെ തുടർ‌ന്ന് സ്ഥലത്തെത്തിയ പി.ടി യുവനടിയോട് സംസാരിക്കുകയും പൊലീസിനെ വിളിച്ചുവരുത്തി തുടർനടപടിക്ക് അവസരമൊരുക്കുകയായിരുന്നു. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് പി.ടി.തോമസ്. കഴിഞ്ഞ വ‌ർഷം അവസാനം കേസിൽ പി.ടി തോമസ് വിചാരണയ്ക്ക് ഹാജരായിരുന്നു. നടിയെ അക്രമികൾ ലാലിന്റെ കാക്കനാട്ടുള്ള വീട്ടിൽ ഇറക്കി വിടുകയായിരുന്നു.