കൊച്ചി: ക്രിസ്മമസ്-പുതുവർഷാഘോഷത്തിനൊരുങ്ങുമ്പോൾ ആഭ്യന്തര സഞ്ചാരികളെത്തുന്നുവെന്ന ആശ്വാസത്തിലാണ് നഗരം. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തെരുവുകളുണർന്നതോടെ പുതുവത്സരാഘോഷങ്ങൾക്ക് നിറമേറുകയാണ്. കൊവിഡിലും ഒമിക്രോണിലും വിദേശ സഞ്ചാരികൾ കേരളത്തെ കൈയൊഴിഞ്ഞെങ്കിലും തദ്ദേശീയ സഞ്ചാരികളും ഉത്തരേന്ത്യയിൽ നിന്നുള്ള ആഭ്യന്തര സഞ്ചാരികളുമെത്തുന്നതോടെ വിനോദ സഞ്ചാരമേഖല ഉണർന്നു.

 ബുക്കിംഗ് റദ്ദ് ചെയ്ത് വിദേശികൾ

ഒമിക്രോൺ ഭീതിയിൽ വിമാനയാത്ര പലരും ഒഴിവാക്കിയതോടെ മുൻകൂർ ബുക്കിംഗുകളെല്ലാം റദ്ദ് ചെയ്തു. കൊവിഡ് വ്യാപന തോത് കുറഞ്ഞതോടെ വിദേശ സഞ്ചാരികൾക്ക് എത്താനായി വിസ അനുവദിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ കുറവ് ഇക്കുറി പരിഹരിഹരിക്കാമെന്നും മേഖലയിൽ ഉണർവുണ്ടാവുമെന്നുമായിരുന്നു പ്രതീക്ഷ. സ്വകാര്യ ഹോട്ടലുകളിൽ നവംബർ അവസാന വാരത്തോടെ ബുക്കിംഗുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് പലതും ഒഴിവാക്കി. ഹോട്ടൽ ബുക്കിംഗിൽ ഇതിനകം 50 ശതമാനം റദ്ദാക്കിയിട്ടുണ്ട്. ഭാവിയിലെ ബുക്കിംഗുകൾക്കായുള്ള അന്വേഷണങ്ങളും നിലച്ച മട്ടാണ്. കൊച്ചിയിലേക്കെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ കുറവുണ്ട്.

 തദ്ദേശീയ യാത്രാക്കാർ എത്തുന്നു

വിദേശികൾ കൈയൊഴിഞ്ഞെങ്കിലും ആഭ്യന്തര, തദ്ദേശീയ യാത്രക്കാർ എത്തുന്നത് ആശ്വാസമാണ്. ജില്ലയിലേത് ഉൾപ്പെടെ ടൂറിസം വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ബുക്കിംഗുകൾ നടത്തിയിട്ടുണ്ട്. 31 വരെ ബുക്കിംഗുകൾ പൂർത്തിയായി. വാക്‌സിനേഷന്റെ തോത് വർദ്ധിച്ചതും മേഖലയ്ക്ക് ഗുണം ചെയ്തു. ഇതോടെ ഹോട്ടലുകളിലെ ബുക്കിംഗുകൾ വർദ്ധിച്ചു. കൂടാതെ സമീപ ടൂറിസം ഡെസ്റ്റിനേഷൻസ് ആയ മൂന്നാർ, വാഗമൺ, വട്ടവട എന്നിവിടങ്ങളിലും സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

 സഞ്ചാരികളെ ആകർഷിച്ച് കാർണിവൽ

ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുഖ്യ ആകർഷണമായ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങില്ലെങ്കിലും കൊച്ചിയിലെ ആഘോഷരാവുകൾക്ക് തുടക്കമായി. സഞ്ചാരികളെ പ്രധാനമായും കൊച്ചിയിലേക്ക് ആകർഷിക്കുന്നത് കൊച്ചിൻ കാർണിവലാണ്. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ഒപ്പം പുതുവർഷതലേന്ന് നടക്കുന്ന കാർണിവൽ റാലിയും ഒഴിവാക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കും. 200 പേരെ ഉൾക്കൊളിച്ചുള്ള പരിപാടികൾ നടത്താനാണ് തീരുമാനം. കലാപരിപാടികളും കായിക പരിപാടികളും വരും ദിവസങ്ങളിലുണ്ടാകും.

 കൊവിഡിനൊപ്പം ജീവിക്കാൻ ആളുകൾ തയ്യാറായതോടെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വിദേശികളെത്താതിരിക്കുന്നത് ടൂറിസം മേഖലയെ തളർത്തുന്നുണ്ടെങ്കിലും തദ്ദേശീയ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലെ വർദ്ധന ആശ്വാസമാണ്.

ശ്യാം കൃഷ്ണൻ
ഡി.ടി.പി.സി
സെക്രട്ടറി