ഫോർട്ട്കൊച്ചി: കൊച്ചിയുടെ ജനകീയാഘോഷമായ കൊച്ചി കാർണിവലിന് പൈതൃക നഗരിയൊരുങ്ങി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുണ്ടെങ്കിലും പ്രൗഢികളയാത്ത ആഘോഷങ്ങളാണ് കൊച്ചിയിൽ നടക്കുക. മരങ്ങളെ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചും വഴിയോരങ്ങളിൽ ആകാശവിളക്ക് തൂക്കിയും നഗരത്തെ അലങ്കരിക്കും. പഴയകാല ഫുട്ബാൾ താരങ്ങൾ അണിനിരന്നുള്ള വെറ്ററൻസ് ഫുട്ബോൾ, ഗാട്ടാ- ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരങ്ങൾ, രംഗോലി - കോലം വരയ്ക്കൽ, കരോക്കെ ഗാനമത്സരം, ഇന്റർ ഡൈവ് ഒരുക്കുന്ന കയാക്കിംഗ് അടക്കമുള്ള ജലകായിക സാഹസിക മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറും. 31ന് പാപ്പാഞ്ഞിയെ കത്തിക്കലും പുതുവത്സര ദിനത്തിലെ കാർണിവൽ റാലിയും സംഘാടകർ ഒഴിവാക്കിയിട്ടുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പോസ്റ്റുകൾക്കൊപ്പം വനിതാസിവിൽ ഓഫീസർമാരടക്കമുള്ള പ്രത്യേക സേനയും രംഗത്തിറങ്ങും. കൂടാതെ വാഹനപരിശോധന നീരീക്ഷണ സ്ക്വാഡുമുണ്ട്. ലഹരി സംഘങ്ങളെ നിരീക്ഷിക്കാനും പിടികൂടാനും എക്സൈസ് നാർക്കോട്ടിക് പൊലീസ് സംയുക്തസേനയും സജ്ജമാക്കിയിട്ടുണ്ട്.