കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തി. ചൂണ്ടി, കുടകുത്തി പരിസരത്തെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് രോഗാണുസംക്രമണത്തിന് ഇടയാകുംവിധം സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഐസ്ക്രീമും പിടിച്ചെടുത്ത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വത്തിൽ നശിപ്പിച്ചു. മറ്റ് മൂന്ന് സ്ഥാപനങ്ങൾക്ക് നിയമപരമായി നോട്ടീസ് നല്കി. പരിസര ശുചിത്വം പാലിക്കുന്നതിലും ഭക്ഷണ, ജല ശുചിത്വം ഉറപ്പുവരുത്തുന്നതിലും സ്ഥാപനങ്ങൾ വീഴ്ചവരുത്തുന്നതായി പരിശോധനകൾക്ക് നേതൃത്വം നല്കിയ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഓഫീസർ കൂടിയായ മെഡിക്കൽ ഓഫീസർ ഡോ.ആർ. ആദർശ് പറഞ്ഞു. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, മറ്റ് സ്ഥാപനങ്ങൾക്കാവശ്യമായ അനുബന്ധരേഖകൾ തുടങ്ങിയവ അതത് സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പരിശോധനകളും ശുചിത്വ പരിശോധനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളിലും നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സതീഷ് കുമാർ, എസ്. നവാസ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.