
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥികളും ട്രീ പരിസ്ഥിതി സംഘടന അംഗങ്ങളും ചേർന്ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശുചീകരിച്ച് ക്രിസ്മസ് ആഘോഷിച്ചു. പരിസ്ഥിതി സംഘടനയായ ട്രീയുമായി ചേർന്ന് നിർമ്മല കോളേജിലെ നേച്ചർ ക്ലബ്ബ്, എൻ.എസ്.എസ്, എൻ.സി.സി. സംഘടനകളിലെ വിദ്യാർത്ഥികളാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചത്. ആഗോളതലത്തിൽ നടപ്പാക്കി വിജയിച്ച ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. ബസ് സ്റ്റാൻഡിന്റെ പരിസരങ്ങളിൽ ഉദ്യാനം നിർമ്മിച്ച് പരിപാലിക്കുന്ന പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾ പങ്കാളികളായത്. വൃത്തിയുള്ള സുന്ദരമായ മൂവാറ്റുപുഴ എന്നതാണ് സംഘടനകൾ ലക്ഷ്യംവയ്ക്കുന്നത്. ഒരു ദിവസം നീണ്ടുനിന്ന സേവനത്തിന് നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ്, ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, എൻ.എസ്.എസ്.പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോ. നോയൽ റോസ്, ഡോ.ബി.രാജേഷ്, നേച്ചർ ക്ലബ്ബ് പ്രസിഡന്റ് ഡോ.ജിജി.കെ.ജോസഫ്, ഡോ.ജയശങ്കർ, ട്രീ കോ-ഓർഡിനേറ്റർ അഡ്വ.ദീപു ജേക്കബ്, ട്രാൻസ്‌പോർട്ട് ഓഫീസർ സാജൻ.വി.സ്‌കറിയ എന്നിവർ നേതൃത്വം നൽകി.
.