കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഫെബ്രുവരി അഞ്ചിന് കൊടിയേറും. ഫെബ്രുവരി 12 ന് ആറാട്ടോടെ ഉത്സവം അവസാനിക്കും. ഉത്സവാഘോഷത്തിന് മുന്നോടിയായി ഫെബ്രുവരി രണ്ടിന് ധ്വജ പ്രതിഷ്ഠാദിനാഘോഷം നടക്കും. ഫെബ്രുവരി മൂന്നിന് ദ്രവ്യകലശാഭിഷേകം നടക്കും. അന്നേദിവസം രാവിലെ 8.30 മുതൽ 5.30 വരെ സമ്പൂർണ നാരായണീയ ജപാരാധന നടക്കും. ദ്രവ്യകലശാഭിഷേകത്തിന്റെ രണ്ടാം ദിവസമായ നാലിന് ക്ഷേത്രമതിൽക്കകത്ത് വൈകിട്ട് 6.30 ന് എറണാകുളത്തപ്പൻ പുരസ്‌കാര സമർപ്പണം നടക്കും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴിനും എട്ടിനും മദ്ധ്യ കൊടിയേറും. ഫെബ്രുവരി 11 വലിയ വിളക്ക് ദിനം. ഫെബ്രുവരി 12 ന് വൈകിട്ട് ഏഴിന് കൂട്ടവെടി, 7.30 ന് കൊടിയിറക്കൽ, ആറാട്ട് പുറപ്പാട് എന്നിവ നടക്കും.