pt

തൊടുപുഴ: നിലപാടിൽ ഉറച്ചുനിന്നതിന്റെ പേരിൽ സ്വന്തം നാട്ടുകാരാൽ ശവഘോഷയാത്ര നടത്തി നാടുകടത്തപ്പെട്ട രാഷ്ട്രീയ നേതാവ് പി.ടി. തോമസല്ലാതെ വേറെയാരുമുണ്ടാകില്ല. ലോക്സഭാ സീറ്റടക്കം നഷ്ടമായിട്ടും ​ പ്രിയപ്പെട്ടവർ തള്ളിപ്പറഞ്ഞിട്ടും അവസാനശ്വാസം വരെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാത്ത നേതാവ്. കൊടുങ്കാറ്റിലും ഉരുൾപൊട്ടലിലും തളരാത്ത മലയോര കർഷകന്റെ നെഞ്ചുറപ്പാണത്. 2009- 2014 കാലഘട്ടത്തിൽ പി.ടി. തോമസ് ഇടുക്കി എം.പിയായിരിക്കെയാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസർക്കാർ മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ കൊണ്ടുവരുന്നത്.

യു.പി.എ സർക്കാർ കൊണ്ടുവന്ന റിപ്പോർട്ടായിട്ടും കോൺഗ്രസടക്കമുള്ള രാഷ്ട്രീയപാർട്ടികളും കത്തോലിക്കാ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയടക്കമുള്ള കർഷക സംഘടനകളും റിപ്പോർട്ടിനെ നഖശിഖാന്തം എതിർത്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് റിപ്പോർട്ട് നടപ്പാക്കണമെന്നായിരുന്നു തോമസിന്റെ ഉറച്ച നിലപാട്. ഇതോടെ ഇടുക്കിയൊന്നാകെ പി.ടിക്ക് എതിരായി. അന്നത്തെ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തോമസിനെതിരെ പരസ്യമായി രംഗത്തെത്തി. പരിസ്ഥിതി തീവ്രവാദിയായി മുദ്രകുത്തി സി.പി.എം പിന്തുണയുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി പ്രതീകാത്മകമായി പി.ടി. തോമസിന്റെ ശവഘോഷയാത്ര നടത്തി.

സ്വന്തംപാർട്ടിയിൽ നിന്ന് പോലും അദ്ദേഹത്തെ ആരും പിന്തുണച്ചില്ല. സഭയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി.ടിക്ക് പാർട്ടി സീറ്റ് നിഷേധിച്ചു. രണ്ടുതവണ എം.പിയായ ഫ്രാൻസിസ് ജോർജിനെ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ച കരുത്തനെയാണ് പാർട്ടി കൈയൊഴിഞ്ഞത്. പകരം കാസർഗോഡ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകി. മറുത്തൊരു വാക്ക് പറയാതെ പി.ടി ഇടുക്കി വിട്ടു. പ്രിയ ശിക്ഷ്യൻ ഡീൻ കുര്യാക്കോസായിരുന്നു പകരക്കാരൻ. താൻ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ച് ഒരു വ്യക്തി തന്ന 25,000 രൂപ ഡീനിന് നൽകിയാണ് ഇടുക്കി വിട്ടതെന്ന് പി.ടി പിന്നീട് പറഞ്ഞിട്ടുണ്ട്.

കാസർഗോഡ് ടി. സിദ്ധിഖിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതം മുതലാണ് ശരീരം പി.ടിയെ തളർത്തിതുടങ്ങിയത്. പിറന്നനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട്,​ ശാരീരികമായി തളർന്ന പി.ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് ഇതോടെ എല്ലാവരും വിധിയെഴുതി. എന്നാൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ എറണാകുളത്തെ തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്ക് ഉയർത്തെഴുന്നേറ്റ പി.ടിയെ കോൺഗ്രസുകാർ പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഒരു ഘട്ടത്തിൽ തള്ളിപ്പറഞ്ഞെങ്കിലും ഇടുക്കിയ്ക്ക് എന്നും പിടിയുടെ ഇടനെഞ്ചിലിടമുണ്ടായിരുന്നു. ഇടുക്കിയിലെ ഏത് പരിപാടിക്കും അദ്ദേഹം ഓടിയെത്തുമായിരുന്നു. എക്കാലവും ഇടുക്കിയിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു പി.ടി. ഒരു മാസം മുമ്പ് ജ്യേഷ്ഠ സഹോദരൻ ഔസേപ്പച്ചന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനാണ് അനാരോഗ്യം അവഹഗണിച്ച് പി.ടി അവസാനമായി ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയത്.

പഠനം മുടങ്ങി, ബീഡ് തെറുപ്പുകാരനായി

പിടി. തോമസിന് 12 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പാലാ പ്ലാശനാലിൽ നിന്ന് ഇടുക്കി ഉപ്പുതോട് പൂതക്കുഴി സിറ്റിയിലെത്തുന്നത്. പി.ടി അന്ന് ഏഴാം ക്ലാസ് പാസ്. തുടർപഠനത്തിന് ഉപ്പുതോട്ടിലോ സമീപ പ്രദേശങ്ങളിലോ അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നില്ല. ജ്യേഷ്ഠ സഹോദരൻ ഔസേപ്പച്ചനെ ചായക്കടയിൽ സഹായിച്ചും ബീഡി തെറുത്തുവിറ്റും അഞ്ചുവർഷം തള്ളിനീക്കി. ഇതിന് ശേഷം 16 കിലോ മീറ്റർ ദൂരെയുള്ള പാറത്തോട് സെന്റ് ജോർജ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. ഇത്രയും ദൂരം ദിവസവും നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. പിന്നീട് തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്, എറണാകുളം മഹാരാജാസ്, എറണാകുളം ഗവ. ലാ കോളേജ് എന്നിങ്ങനെ വിദ്യാഭ്യാസം നീണ്ടു.