
കൊച്ചി: മൂന്നുദിവസത്തെ സന്ദർശനത്തിന് ശേഷം കൊച്ചിയിൽ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് യാത്രയായി. സംസ്ഥാന സർക്കാരിനുവേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളി, സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി എന്നിവർ ചേർന്ന് നാവികസേനാ വിമാനത്താവളത്തിൽ രാഷ്ട്രപതിയെ യാത്രയാക്കി. കൊച്ചി നാവികത്താവളത്തിൽ നാവികസേനയുടെ അഭ്യാസപ്രകടനം വീക്ഷിച്ച രാഷ്ട്രപതി, രാജ്യത്താദ്യമായി ആഭ്യന്തരമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലായ 'വിക്രാന്ത്" കൊച്ചി കപ്പൽശാലയിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ടായിരുന്നു.