traffic-police-station
പറവൂരിലെ ആളൊഴിഞ്ഞ ട്രാഫിക്ക് പൊലീസ് യൂണിറ്റ്

പറവൂർ: ക്രിസ്മസ് - പുതുവത്സരഘോഷങ്ങളുടെ തിരക്കിലാണ് പറവൂർ നഗരം. ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ റോഡുകളിലും കവലകളിലും ഗതാഗക്കുരുക്ക് വർദ്ധിച്ചു. എന്നാൽ ഇവ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനെ മഷിയിട്ടു നോക്കിയാൽ കാണില്ല. വേണ്ടത്ര പൊലീസുകാരില്ലാത്തതിനാൽ മൂന്നോ, നാലോ ഹോം ഗാർ‌ഡുകളുടെ നിയന്ത്രണത്തിലാണ് നഗരം. ഓരോ ദിവസവും സ്റ്റേഷനിൽ നിന്നും ഒരു എ.എസ്.ഐയേയും പൊലീസുകാരനെയും ട്രാഫിക്ക് ഡൂട്ടിക്ക് നിയോഗിക്കുകയാണിപ്പോൾ. അടുത്ത ദിവസങ്ങളിൽ ഗതാഗത കുരുക്ക് വ‌‌‌‌‌‌ർദ്ധിക്കാൻ സാദ്ധ്യയുള്ളതിനാൽ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരെ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ട്രാഫിക്ക് എസ്.ഐയടക്കമുള്ളവർ ശബരിമല ഡ്യൂട്ടിലാണ്. ഇവർ തിരിച്ചെത്തിയാലെ ഇനി ട്രാഫിക്ക് നിയന്ത്രണങ്ങളിൽ എന്തെങ്കിലും നടക്കുകയുള്ളൂ.

 ക്ഷയിച്ച് ട്രാഫിക് യൂണിറ്റ്

ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷമാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പറവൂരിൽ ട്രാഫിക്ക് യൂണിറ്റ് തുടങ്ങിയത്. അഞ്ചു വർഷത്തിന് ശേഷം ട്രാഫിക്ക് സ്റ്റേഷനായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. തുടക്കത്തിൽ ഒരു എസ്.ഐയും രണ്ട് എ.എസ്.ഐയും വനിതാ പൊലീസുകാരടക്കം 15പേർ യൂണിറ്റിലുണ്ടായിരുന്നു. പിന്നീട് ക്ഷയിച്ച് ആറുപേരായി. ഹോം ഗാർഡുകളെ നിയമിച്ചാണ് ട്രാഫിക്ക് യൂണിറ്റ് ഉന്തിത്തള്ളി കൊണ്ടുപോയത്. നിലവിൽ എസ്.ഐയും എ.എസ്.ഐയും പൊലീസുകാരുമില്ല. കഴിഞ്ഞദിവസം ആറ് ഹോം ഗാർഡുകൾക്ക് സ്ഥലമാറ്റം ലഭിച്ചു. ഈ ഒഴിവിൽ തിരിച്ചെത്തുന്നത് മൂന്ന് ഗാർ‌ഡുകൾ മാത്രം.

 കുരുക്കിൽ മൂന്ന ജംഗ്ഷനുകൾ

നഗരത്തിൽ ചേന്ദമംഗലം, മുനിസിപ്പൽ, കെ.എം.കെ എന്നീ മൂന്ന് പ്രധാന ജംഗ്ഷനുകളാണുള്ളത്. ഇവിടെ പലസമയത്തും ട്രാഫിക്ക് നിയന്ത്രണത്തിന് ആരുമില്ല. സിഗ്നലുകൾ പലപ്പോഴും തകരാറിലാവാറുമുണ്ട്. ഈ സമയത്ത് ഗതാഗതം നിയന്ത്രണം തെറ്റും. വാഹനങ്ങൾ കൂട്ടിമുട്ടുന്നതും ഇതു സംബന്ധിച്ച തർക്കങ്ങളും പതിവാണ്. പ്രധാന റോഡുകളിൽ വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്ക് ചെയ്യുന്നതും ഗതാഗകുരുക്കിന് കാരണമാകുന്നുണ്ട്. ഇത്തരം വാഹനങ്ങൾ മാറ്റുന്നതിനോ, ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനോ ഓഫീസ് റാങ്കിലുള്ള പൊലീസുകാർ ഇല്ലാത്തിനാൽ സാധിക്കുന്നില്ല.

 തിരക്ക് കൂട്ടി വഴിയോരക്കച്ചവടം

നഗരസഭ മെയിൻ റോഡുകളിലെ വഴിയോരക്കച്ചവടം നിരോധിച്ച്, ഇവർക്കായി സ്വകാര്യ ബസ് സ്റ്റാൻഡിനു പിറകിൽ മിനി ബസാർ ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെ കച്ചവട സാദ്ധ്യത കുറവായതിനാൽ ആരും ബസാറിലെ കടകൾ ഏറ്റെടുത്തില്ല. ഇവർ പതുക്കെ വഴിയോരങ്ങളിലേക്ക് കച്ചവടം മാറ്റി. പ്രധാന റോഡുകളിൽ പച്ചക്കറിയും പഴങ്ങളും വിൽപന നടത്തുന്ന വാഹനങ്ങൾ നഗരത്തിൽ കൂടിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടിലാക്കുന്ന ഈ വിഷയങ്ങളിലൊന്നും വ്യക്തമായ തിരുമാനം നഗരസഭ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.