തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിവാര ജനകീയ ശുചീകരണ കാമ്പയിൻ ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയിലും ഓരോ വാർഡിലെ പ്രധാന കവലകളും പൊതു സ്ഥലങ്ങളും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ ഉൾപ്പെടെയുള്ള ജനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രതിവാര ജനകീയ ശുചീകരണ കാമ്പയിനാണ് തുടക്കം കുറിച്ചത്. എരൂർ മാത്തൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ നിക്ഷേപക്കപ്പെട്ട മാലിന്യം നീക്കം ചെയ്താണ് പ്രവർത്തനം ആരംഭിച്ചത്. കാമ്പയിൻ ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി,​ കൗൺസിലർമാരായ ഷീന, പി.കെ ജയകുമാർ, പി.കെ പീതാംബരൻ, ഹെൽത്ത് സൂപ്പർവൈസർ മീരാൻകുഞ്ഞ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ബിന്ദു ഷൈലേന്ദ്രൻ, കെ.എസ്. ദീപ, കിരൺകുമാർ പി.എസ്., ഷീജ കിഷോർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു പൗലോസ്, സി. ബിനീഷ്, രമേശ് ബാലൻ, വിനീത കെ. രവി, എസ്.വി. വിദ്യ , വി. അശ്വതിമോൾ എന്നിവർ നേതൃത്വം നൽകി.