paravur-hs
പറവൂർ ഗവ. സ്കൂളിന്റെ 1965 ന് മുൻപ് പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ സംഗമത്തിൽ പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തുന്നു.

പറവൂർ: സ്നേഹമൂർത്തികളായ ഗുരുജനങ്ങളുടെ വിശാലഹൃദയങ്ങളിൽ ഇടംനേടാൻ കഴിഞ്ഞ ഓർമകളാണ് പറവൂർ ബോയ്സ് ഹൈസ്കൂൾ തനിക്ക് സമ്മാനിച്ചതെന്ന് അദ്ധ്യാപികയും മുൻ എം.പിയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ പറഞ്ഞു. പറവൂർ ഗവ.സ്കൂളിന്റെ ശതോത്തര സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് 1965ന് മുൻപ് പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഏറ്റവും പവിത്രമായ ബന്ധം ഗുരുശിഷ്യബന്ധമാണെന്നും അക്കാലത്തെ അദ്ധ്യാപകരെ ശിഷ്യഗണങ്ങൾ ഈശ്വരതുല്യമായി ആരാധിച്ചിരുന്നെന്നും ടീച്ചർ പറഞ്ഞു. മുൻ അദ്ധ്യാപികയായ രാജമ്മയും പ്രൊഫ. സാവിത്രി ലക്ഷ്മണനും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് എൻ.എം. പിയേഴ്‌സൺ അദ്ധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥികളായ കെ. ദാക്ഷായണി, അമ്മിണി അന്തർജ്ജനം, ഡോ. സുധ, കെ. നാരായണൻ, പ്രിൻസ് കെ. തച്ചിൽ തുടങ്ങിയവർ സംസാരിച്ചു.