
കൊച്ചി: ജനിച്ചുവളർന്ന മലനാട്ടിലെ ഇടവഴികൾ മുതൽ കർമ്മഭൂമിയായ കൊച്ചി വരെ പി.ടി. തോമസിന്റെ അന്ത്യയാത്രയ്ക്ക് അണമുറിയാതെ അകമ്പടിയായത് ഏറ്റവും പ്രിയപ്പെട്ട ഗാനം. 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...." എന്നാരംഭിക്കുന്ന വയലാർ രാമവർമ്മയുടെ വരികൾ. സംസ്കാരസമയത്ത് ചന്ദ്രകളഭം എന്ന പാട്ട് വയ്ക്കണമെന്ന് പി.ടി. തോമസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം കമ്പംമേട് അതിർത്തി വഴിയാണ് ഇടുക്കിയിൽ പ്രവേശിച്ചത്. പി.ടിയുടെ പ്രിയപ്പെട്ട ഗാനമൊഴുകുന്ന വാഹനം അതിർത്തിയിൽ സജ്ജമാക്കിയിരുന്നു.
നേർത്ത ശബ്ദത്തിൽ ചന്ദ്രകളഭം പാട്ടിട്ട വാഹനത്തിന് പിന്നാലെയാണ് പി.ടിയുടെ ഭൗതികദേഹവുമായി ആംബുലൻസ് നീങ്ങിയത്. കട്ടപ്പനയിലും ജന്മനാടായ ഉപ്പുതറയിലുമെത്തി ചെറുതോണി, തൊടുപുഴ വഴിയാണ് എറണാകുളം ജില്ലയിൽ പ്രവശിച്ചത്. യാത്രയിലുടനീളം പ്രിയഗാനം കേൾപ്പിച്ച് സുഹൃത്തുക്കളും പാർട്ടി സഹപ്രവർത്തകരും പി.ടിയുടെ മനസിനൊപ്പം നിന്നു.
പാലാരിവട്ടത്തെ വീട്ടിൽ നിന്ന് എറണാകുളം ഡി.സി.സി ഓഫീസിലേക്കാണ് ഭൗതികശരീരം കൊണ്ടുവന്നത്. ഡി.സി.സി ഓഫീസിന് മുന്നിലെ പന്തലിലും പ്രിയഗാനം നേർത്ത ശബ്ദത്തിൽ പ്രവഹിച്ചു. പൊതുദർശനം നടത്തിയ എറണാകുളം ടൗൺ ഹാളിൽ പി.ടിയെ കിടത്തിയ വേദിക്ക് സമീപം ഗായകൻ പാടുന്നതിന് പുറമെ സിത്താറിലും പുല്ലാങ്കുഴിലും മാറിമാറി ചന്ദ്രകളഭം ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു.
ജില്ലാ ആസ്ഥാനമായ കാക്കനാട്ട് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴും ചന്ദ്രകളഭം അലയടിച്ചു. രവിപുരം പൊതുശ്‌മശാനത്തിലും പൂർണസമയം മുഴങ്ങിയത് പി.ടിയുടെ ഇഷ്ടഗാനം തന്നെയായിരുന്നു. മഹാരാജാസ് കോളേജിലെ സഹപാഠികൾ രൂപീകരിച്ച ഫ്രണ്ട്സ് ഒഫ് പി.ടിയെന്ന സംഘമാണ് ശ്‌മശാനത്തിൽ പാട്ട് പാടിയത്.
മുൻ അംബാസഡർ വേണു രാജാമണി ഉൾപ്പെടെ പി.ടിയുടെ സഹപാഠികൾ ചന്ദ്രകളഭം പാടി. ചിതയിൽ തീ ആളുമ്പോഴും അവർ ഈ ഗാനം ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്നു. പി.ടിക്ക് ആദരാഞ്ജലി അർപ്പിച്ച് ജില്ലയിലാകെ പതിച്ച പോസ്റ്ററുകളിലും ബോർഡുകളിലും ചന്ദ്രകളഭത്തിലെ വരികൾ രേഖപ്പെടുത്തിയിരുന്നു.