കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ 100-ാം വാർഷികാഘോഷങ്ങൾക്ക് സമാപനം

കൊച്ചി: അനന്തപത്മനാഭന്റെ മണ്ണിൽനിന്ന് ഒരുനൂറ്റാണ്ട് മുമ്പ് ഋഷിനാഗക്കുളത്തപ്പന്റെ നാട്ടിലേക്ക് സത്യത്തിന്റെ നേർക്കാഴ്ചയുമായി കടന്നുവന്ന കേരളകൗമുദിയുടെ ഒരുവർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും കേരളകൗമുദിയുടെ മുൻകാല പത്രപ്രവർത്തകനും മലയാളത്തിന്റെ മഹാനടനുമായിരുന്ന നെടുമുടി വേണുവിനോടുള്ള ആദരസൂചകമായി അണിയിച്ചൊരുക്കിയ കലാസന്ധ്യയും കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ അരങ്ങേറി. ക്ഷണിക്കപ്പെട്ട സദസിനുമുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷത്തിന്റെ സമാപനവും അടുത്ത ഒരുവർഷം നീണ്ടുനിൽക്കുന്ന 'കാർഷികഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനവും കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൗമുദി ടിവി ബ്രോഡ്കാസ്റ്റിംഗ് ഹെഡുമായ എ.സി. റെജി അദ്ധ്യക്ഷതവഹിച്ചു. ചലച്ചിത്രതാരം വിപിൻ ആറ്റ്ലി, എസ്.എൻ.ഡി.പിയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ സംബന്ധിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറഞ്ഞു.

നെടുമുടി വേണുവിനെ അനുസ്മരിച്ചുകൊണ്ടുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും താരനിബിഡമായ കലാസന്ധ്യയും അരങ്ങേറി. അന്തരിച്ച ജനകീയനേതാവ് പി.ടി. തോമസ് എം.എൽ.എയെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

കേരളകൗമുദിയുടെ കൊച്ചിയിലെ നിറസാന്നിദ്ധ്യത്തിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കാളികളായ വ്യവസായ സംരംഭകരെ ചടങ്ങിൽ കേരളകൗമുദിക്കുവേണ്ടി മന്ത്രി പി. പ്രസാദ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കാർഷികഗ്രാമം പദ്ധതിയുടെ ഭാഗമായ പച്ചക്കറിവിത്തുകൾ മന്ത്രിയിൽനിന്ന് മഹാരാജാ ശിവാനന്ദൻ, ഹരി വിജയൻ എന്നിവർ ഏറ്റുവാങ്ങി.

തുടർന്ന് സിനിമാതാരങ്ങളും ഗായകരും പങ്കുചേർന്ന കലാപരിപാടികൾ ദൃശ്യശ്രാവ്യ വിരുന്നൊരുക്കി. നിരവധി ഗാനങ്ങൾ കോർത്തിണക്കിയുള്ള വിധു പ്രതാപിന്റെ പ്രകടനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. സിത്താര, ശിഖ എന്നിവർ പാടിയ പാട്ടുകൾ കാണികൾ ആവേശത്തോടെ കൈയടിച്ച് ഏറ്റുവാങ്ങി. സിനിമാതാരം ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തം ദൃശ്യവിസ്‌മയം പകർന്നു.

ചുങ്കത്ത് ജൂവലേഴ്സ് ഡയറക്ടർ അഡ്വ. പ്രിൻസ് വർഗീസ്, ഫോറസ്റ്റ് ഗോ‌ഡസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യുവസംരംഭകൻ ശരത് മോഹൻ, ഫ്രഷ് ടു ഹോം ജനറൽ മാനേജർ (മാർക്കറ്റിംഗ്) സാബു കെ.നായർ, ഗ്ലോബൽ വില്ലേജ് ന്യൂസ് നെറ്റ്‌വർക്ക് സി.ഇ.ഒ ഡോ. നിക്സൻ തോട്ടാൻ, ഷിപ്പ് ജെറ്റ് കൊറിയറിനുവേണ്ടി കെ.എം. ഷിജു, മോഡ്‌വിൻ നെറ്റ്‌വർക്ക് മാനേജിംഗ് ഡയറക്ടർ വിനോദ് വട്ടേക്കാട്, ക്രൗൺ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സാരഥി എൻ.എം. റിയാസ്, ഡെലിവറി ബാസ്കറ്റ് കമ്പനി മാനേജിംഗ് ഡയറക്ടർ സി.ഐ. ജസീൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസി‌ഡന്റും റീഡിയണൽ ഹെഡുമായ കെ.എം. എൽദോസ് കുട്ടി, നന്ദിലേത്ത് ജി മാർട്ട് സി.ഇ.ഒ പി.എ. സുബൈർ, കൊടുങ്ങല്ലൂ‌ർ ലക്ഷ്മി ജുവലറി ഡയറക്ടർ കൃഷ്ണകാന്ത് അനിൽകുമാർ, പുളിമൂട്ടിൽ സിൽക്സ് ഡയറക്ടർ ജേക്കബ്, അഹല്യ മണി എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ഭൂവനേന്ദ്രൻ, മറിയം ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലി. മാനേജിംഗ് ഡയറക്ടർ സജി കെ. ഏലിയാസ്, ആയുർവേദ ചികിത്സകൻ വിജയൻ വൈദ്യർ, വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ പ്രസി‌‌ഡന്റ് ബി. രാജീവ്, സെക്രട്ടറി ടി.എസ്.ബിജിൽ, ജനകീയനായ ജനപ്രതിനിധി കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗം നിസാർ ഇബ്രാഹീം, ശക്തിമാൻ പി.വി.സി പൈപ്പ്സ് സ്ഥാപകൻ എൻ. ഭാസ്കരൻ, തൃക്കാക്കര നഗരസഭ കൗൺസിലർ ജിജോ ചിങ്ങന്തറ, വിശുദ്ധനാട് തീർത്ഥാടനങ്ങളുടെ മുഖ്യസംഘാടകരായ ബാഗൽ ഹോളിഡേയ്സ് എം.ഡി. റെജി വർക്കി, കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസി‌ഡന്റ് സി.കെ. റെജി, യുവസംരംഭകനും ലാൻഡ് ഡെവലപ്പറുമായ ലിജു സാജു, ഗോവയിലെ പിള്ളൈ ആൻഡ് സൺസ് ഡിസ്റ്റിലറി ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ വി.ബി. അശോക് കുമാർ, സാമൂഹ്യപ്രവർത്തകനും സംരംഭകനുമായ ബിജു ജോർജ് മഠത്തിപ്പറമ്പിൽ, പവിഴം ബ്രാൻഡ് ഉല്പന്നങ്ങളുടെ കലവറയായ നമ്പ്യാട്ടുകുടി ഗ്രൂപ്പ് ചെയർമാൻ എൻ.പി.ജോർജ് എന്നിവർക്ക് കേരളകൗമുദിക്കുവേണ്ടി മന്ത്രി പി. പ്രസാദ് ഉപഹാരങ്ങൾ സമർപ്പിച്ചു.