kufos

കൊച്ചി: ക്രിസ്‌മസ് വിപണിയ്ക്ക് ആവേശം പകർന്ന് കുമ്പളം കായലിൽ നടന്ന മത്സ്യകൊയ്‌ത്തിൽ നൂറ് കണക്കിന് കിലോ കരിമീനും കാളാഞ്ചിയും തിലാപ്പിയയും ലഭിച്ചു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) സഹായത്തോടെ കുമ്പളം ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഒല്ലാരിൽ എ.ടി. സുമേഷും ചേപ്പനം സ്വദേശി വി.വി. പ്രസാദും കുമ്പളം കായലിൽ നടത്തിയ മത്സ്യക്കൃഷിയാണ് ക്രിസ്‌മസ് വിപണിയെ ലക്ഷ്യമാക്കി വിളവെടുത്തത്.

സുമേഷ് ഗിഫ്റ്റ് തിലാപ്പിയയുടെ വളപ്പുകൃഷിയാണ് (പെൻകൾച്ചർ) ചെയ്തത്. കുമ്പളം കായലിൽ അഞ്ച് സെന്റ് വിസ്തീർണ്ണത്തിൽ ചെയ്ത വളപ്പുകൃഷിയിൽ നിന്ന് ഒരു ടണ്ണിലേറെ തിലാപ്പിയ ലഭിച്ചു. വിത്തിട്ട് ഏഴാം മാസമാണ് സുമേഷ് വിളവെടുത്തത്. കരിമീനും കാളാഞ്ചിയും ഒരുമിച്ച് കുമ്പളം കായലിലെ ചേപ്പനം ഭാഗത്ത് ഒരുക്കിയ ആറ് ചതുരശ്രമീറ്റർ വിസ്തീർണമുള്ള കൂടിൽ കൃഷി ചെയ്ത വി.വി. പ്രസാദിന് 250 കിലോയിലധികം കരിമീനും 400 കിലോ കാളാഞ്ചിയും ലഭിച്ചു. പ്രസാദും വിത്തിട്ട് ഏഴാം മാസമാണ് വിളവെടുത്തത്.
കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, വാർഡ് മെമ്പർ പി.എ. മാലിക്, കുഫോസ് ഫിഷറീസ് ഡീൻ ഡോ. റോസിലിൻഡ് ജോർജ്, വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. ഡെയ്‌സി കാപ്പൻ, അക്വാകൾച്ചർ ഹെഡ് ഡോ.കെ. ദിനേഷ് എന്നിവർ പങ്കെടുത്തു.