കൊച്ചി: ഉള്ളിലെ പാട്ടുകാരനും ഉമയിലെ പാട്ടുകാരിയും എന്നും പി.ടിക്ക് പ്രചോദനമായിരുന്നെന്ന് ഗാനരചയിതാവ് ആർ.കെ. ദാമോദരൻ പറയുന്നു. പി.ടിയുടെ വ്യക്തിപരമായ സ്നേഹത്തിലും രാഷ്‌ട്രീയസൗഹാർദ്ദങ്ങളിലും രാഗാർദ്രമായ മനസ് സ്പന്ദിക്കുന്നതു കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പട്ടടയിൽ പോലും പാട്ടു വേണമെന്ന് പി.ടി ആഗ്രഹിച്ചത്. പി.ടി എന്നും പാട്ടിനെ താലോലിച്ചു. മഹാരാജാസ് വിദ്യാഭ്യാസ കാലത്ത് ഉമയെ പ്രണയിച്ചതു പോലും പാട്ടിനോടുള്ള മൗനപ്രണയമായിരുന്നു. പാട്ട് മൂളുകപോലും ചെയ്യാതെ അദ്ദേഹം പാട്ടുകൾ ആസ്വദിക്കുമായിരുന്നു. മഹാരാജാസിൽ ബി.എയ്ക്ക് പഠിക്കുന്ന കാലത്ത് 'രവിവർമ്മചിത്രത്തിൻ രതിഭാവമേ' എന്ന പ്രശസ്തമായ ചലച്ചിത്രഗാനം കേട്ടാണ് പി.ടി അതിന്റെ രചയിതാവായ തന്നെ പരിചയപ്പെടാനെത്തിയതെന്ന് ആർ.കെ.ദാമോദരൻ ഓർമ്മിക്കുന്നു. അങ്ങനെ പി.ടി തന്നെ പാട്ടിലാക്കി. പിന്നീട് പാർട്ടിയിലുമാക്കി.കെ.എസ്.യു പാനലിൽ മത്സരിച്ച് വിജയിപ്പിച്ചു. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ഗാനഗന്ധർവൻ യേശുദാസിനെ സംസ്ഥാനത്തിന്റെ ആസ്ഥാനഗായകനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അദ്ദേഹം സബ്മിഷൻ അവതരിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി കോടതിയെ സമീപിച്ചതോടെ യേശുദാസ് പിൻമാറി. ഇത് പി.ടിയെ ഏറെ നിരാശനാക്കി.
അവസരം കിട്ടുമ്പോഴെല്ലാം ഉമയോടൊപ്പം ഗാനമേള പരിപാടികൾ ആസ്വദിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. ഉണ്ണിമേനോന്റെ സംഗീതാലാപനത്തിന്റെ 33ാം വാർഷികത്തിൽ പാലക്കാട് ഒരു രാത്രി മുഴുവൻ പാട്ടു കേട്ടിരുന്നത് രാഷ്‌ട്രിയക്കാരനിലെ രാഗാർദ്രഹൃദയത്തെ വെളിപ്പെടുത്തി. അതുപോലെ തന്നെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ 2015ൽ രവീന്ദ്രസംഗീതനിശയിൽ രാത്രി നീണ്ടിട്ടും പാട്ടിൽ മുഴുകിയിരിക്കുന്ന പി.ടിയെ കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ഗാനരചനയുടെ 40ാം വാർഷികാഘോഷം 2017 ഡിസംബർ 14 ന് ടൗൺഹാളിൽ നടന്നപ്പോൾ രോഗബാധിതനായിരുന്നിട്ടും പി.ടി പങ്കെടുത്തു.
പാട്ടു മനസിലുള്ള കൂട്ടുകാരനായതുകൊണ്ടാവാം പി.ടി പ്രകൃതി സ്നേഹിയായത്; ശ്രീനാരായണഗുരു സാഹിത്യം ഭാരതത്തിൽ പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് . ഒരിക്കൽ ഞാൻ പി.ടി യോട് എ ഗ്രൂപ്പ് വിട്ട് കരുണാകരഗ്രൂപ്പിൽ ചേരാൻ ഉപദേശിച്ചു. നീ എന്നോട് രാഷ്‌ട്രിയം പറയേണ്ട, പാട്ടിനെ കുറിച്ച് പറഞ്ഞാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി - ആർ.കെ.ദിവാകരൻ പറഞ്ഞു.