
കൊച്ചി: മണ്ണിനും മനുഷ്യനുമൊപ്പം ഉറച്ച നിലപാടുമായി എന്നും ചേർന്നുനിന്ന ജനകീയ നേതാവ് പി.ടി തോമസിന് കർമ്മഭൂമിയായ കൊച്ചി നിറകണ്ണുകളോടെ വിടനൽകി. ജന്മനാടായ ഇടുക്കി വഴി കൊച്ചിയിൽ കൊണ്ടുവന്ന മൃതദേഹം മൂന്നിടങ്ങളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 6.50ന് രവിപുരം ശ്‌മശാനത്തിൽ ദഹിപ്പിച്ചു. കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി., മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ പതിനായിരങ്ങളാണ് പൊതുദർശനത്തിലും സംസ്കാരത്തിലും പങ്കെടുത്തത്.
കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എറണാകുളം ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. പി.ടിയുടെ ഭാര്യ ഉമയെയും മക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിച്ചു.
വൈകിട്ട് അഞ്ചരയ്ക്ക് കാക്കനാട്ടു നിന്നാരംഭിച്ച വിലാപയാത്ര വൈറ്റില വഴി രവിപുരം ശ്‌മശാനത്തിലെത്തി. വിറകിന്മേൽ രാമച്ചം വിതറിയതിൽ പി.ടിയുടെ മൃതദേഹം കിടത്തി. നിലവിളക്ക് മാത്രം സമീപത്ത് തെളിയിച്ചു. പൂക്കൾ പോലും ഉപയോഗിച്ചില്ല. പൊലീസിന്റെ ഗാർഡ് ഒഫ് ഓണറിന് ശേഷം സാധാരണ വിറകുകൾ അടുക്കിവച്ച് ഒരുക്കിയ ചിതയ്ക്ക് മകൻ വിഷ്ണു തീ പകർന്നു.
പി.ടി ആഗ്രഹിച്ചപോലെ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും...' എന്ന വയലാർ ഗാനം പൊതുദർശന വേദിയിലും ശ്‌മശാനത്തിലും ഇടമുറിയാതെ ഒഴുകി.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് പി.ടി തോമസിന്റെ മൃതദേഹം പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസിൽ ടൗൺ ഹാളിൽ എത്തിച്ചത്. റീത്തുകൾ വേണ്ടെന്ന പി.ടിയുടെ ആഗ്രഹവും അന്തിമോപചാരം അർപ്പിക്കാനെത്തിയവർ ശിരസാ വഹിച്ചു. തൊഴുകൈയോടെയാണ് നിലപാടുകളുടെ നേതാവിനെ യാത്രയാക്കിയത്.
നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, പി. രാജീവ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഇ.ടി. മുഹമ്മദ്ബഷീർ, എം.എൽ.എമാരായ മോൻസ് ജോസഫ്, സജീവ് ജോസഫ്, മാത്യു ടി. തോമസ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, പി.പി. ചിത്തരഞ്ജൻ, അനൂപ് ജേക്കബ്, എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ത്രിവർണ പതാക പുതച്ച് യാത്ര
സ്വന്തം നാടായ ഇടുക്കി ഉപ്പുതോട്ടിൽ നിന്ന് വിലാപയാത്രയായി തൊടുപുഴ, മൂവാറ്റുപുഴ വഴി പി.ടിയുടെ ഭൗതികദേഹം രാവിലെ പത്തരയോടെ പാലാരിവട്ടം വൈലാശേരി റോഡിലെ വസതിയിലെത്തിച്ചു. പത്തുമിനിറ്റ് നേരമാണ് വീട്ടിൽ പൊതുദർശനത്തിന് വച്ചത്. നടൻ മമ്മൂട്ടി ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 11.20ഓടെ പി.ടി വീടിനോട് വിടചൊല്ലി. ഭൗതികദേഹം എറണാകുളം ഡി.സി.സി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ 15 മിനിറ്റ് പൊതുദർശനത്തിന് വച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് പി.ടിയുടെ ഭൗതികദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
എം.പിമാരായ ബെന്നി ബഹനാൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ തുടങ്ങി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അടക്കം നിരവധിപേരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡി.സി.സി ഓഫീസിലെത്തിയത്. ഇതിനു ശേഷം മൃതദേഹം ടൗൺഹാളിലും തുടർന്ന് സ്വന്തം മണ്ഡലമായ തൃക്കാക്കരയിലും പൊതുദർശനത്തിന് വച്ചു. മുദ്രാവാക്യം വിളികളോടെ ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കളുമാണ് വിവിധ സ്ഥലങ്ങളിൽ പി.ടിയെ ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്.