കോതമംഗലം: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയ്ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലയിലെ കർഷകർ വലിയ ആശങ്കകളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോവുകയാണ്. കർഷകതാത്പര്യം പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങൾ മാത്രമേ പരിസ്ഥിതി സംരക്ഷണത്തിന് ഉപകരിക്കൂ. കർഷകരാണ് യഥാർത്ഥ പരിസ്ഥിതിസ്നേഹികൾ. എന്നാൽ കർഷക ജനതയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണ് പലഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇപ്പോഴും ഏതെല്ലാം പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയിൽ എന്നതിനെ സംബന്ധിച്ച് കർഷകർക്ക് വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്. മുഴുവൻ ജനവാസ മേഖലകളെയും,കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കി വില്ലേജ് തിരിച്ച് മാപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.