മൂവാറ്റുപുഴ: വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനധികൃത കട പരിശോധനയ്ക്കെതിരെ മൂവാറ്റുപുഴയിലെ വ്യാപാരികൾ സമരരംഗത്തിറങ്ങുമെന്ന് വ്യാപാരികൾ. കൊവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യംമൂലവും വ്യാപാരമേഖല കഴിഞ്ഞ രണ്ടുവർഷമായി തകർന്നുകൊണ്ടിരിക്കെ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥൻമാർ ഓരോരോ കാരണങ്ങൾ ഉന്നയിച്ച് ടെസ്റ്റ് പർച്ചെയ്സ് എന്നപേരിൽ കടകളിൽ കയറി സാധനങ്ങൾ വാങ്ങി ബില്ല് കൈപ്പറ്റാതെ ഇറങ്ങിപ്പോകുകയും പിന്നീട് ബിൽ നൽകിയില്ലെന്ന് പറഞ്ഞ് വലിയതുകകൾ പിഴ ഈടാക്കി അകാരണമായി പീഡിപ്പിക്കുന്നതായി വ്യാപാരികൾ ആരോപിച്ചു. വ്യാപാരശാലകളിൽ ഏതെങ്കിലും തരത്തിലുള്ള അപാകതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള നിർദേശങ്ങളും സമയപരിധിയും നൽകുന്നതിനു പകരം വൈരാഗ്യ ബുദ്ധിയോടുകൂടി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്. ഉത്സവസീസൺ, ക്രിസ്മസ് എന്നീ ആഘോഷങ്ങളാൽ വിപണികളിൽ ചെറിയ തരത്തിലുള്ള ഉണർവ് തുടങ്ങിയ അവസരത്തിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളുമായി ഉദ്യോഗസ്ഥൻമാർ മുന്നോട്ടുവന്നാൽ പ്രത്യക്ഷ സമരപരിപാടികളുമായി വ്യാപാരി സംഘടനകൾ രംഗത്തിറങ്ങുന്നതിന് മൂവാറ്റുപുഴ മർച്ചൻസ് അസോസിയേഷൻ ഓഫീസിൽ കൂടിയ അടിയന്തരയോഗം തീരുമാനമെടുത്തു. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോപകുമാർ കല്ലൂർ, ട്രഷറർ കെ.എം.ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.