ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവലിന് ഹരം പകർന്ന് ഫോർട്ടുകൊച്ചി കടപ്പുറത്ത് നടന്നു വരുന്ന സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരത്തിന് 30 വയസ്. കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി 1993ലാണ് ഗുസ്തി മത്സരത്തിന് തുടക്കമിട്ടത്. പൈതൃക കേളിയായ ഗുസ്തി കാർണിവൽ കാണാനെത്തുന്നവർക്കും ആവേശമായി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം കാർണിവൽ നടന്നില്ലെങ്കിലും ഗുസ്തി മത്സരം മാറ്റി വെച്ചില്ല. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ഗുസ്തിക്കാരെ ആർ.ടി.പി.സി ടെസ്റ്റ് നടത്തി മത്സരിപ്പിച്ചു. സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിലാണ് എല്ലാ വർഷവും മത്സരം നടത്തി വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുസ്തിക്കാർ മത്സരത്തിൽ പങ്കെടുക്കാനെത്താറുണ്ട്. ഒരു കാലത്ത് ഗുസ്തി കൊച്ചിയിലെ പ്രധാന കായിക ഇനമായിരുന്നു. അന്ന് ഗോദയ്ക്ക് ചുറ്റും ഗാലറി കെട്ടി ടിക്കറ്റ് വെച്ചായിരുന്നു മത്സരം നടത്തിയിരുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് മത്സരിക്കാൻ ഫയൽവാൻമാരെ വിളിച്ചു വരുത്തിയായിരുന്നു മത്സരം. പഴമയുടെ ഓർമ്മപ്പെടുത്തലുമായാണ് എല്ലാവർഷവും കാർണിവൽ ആഘോഷത്തിന് ഭാരതീയ ശൈലി ഗുസ്തി നടത്തുന്നതെന്ന് സംഘാടനത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ സ്റ്റെൽ ഗുസ്തി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എം.സലീം പറഞ്ഞു . യുവ ശബ്ദം കൊച്ചിയുമായി സഹകരിച്ചാണ് ഈ മാസം 26ന് മുപ്പതാമത് മത്സരം നടത്തുന്നത്. കെ.ബാബു എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ നിന്ന് ഈ വർഷത്തെ കേരള കേസരിയെ തിരഞ്ഞെടുക്കും.