പള്ളുരുത്തി:കടൽക്കയറ്റം അതിരൂക്ഷമായ ചെല്ലാനത്ത് കടൽ ഭിത്തി നിർമ്മിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചു. എം.എൽ.എ കെ. ജെ. മാക്സിയുടെ അടിയന്തര ഇടപെടലുകളെ തുടർന്നും എൽ.ഡി.എഫ് സർക്കാരിന്റെ പ്രത്യേക താൽപര്യപ്രകാരവുമാണ് ചെല്ലാനത്ത് ആദ്യഘട്ടമെന്ന നിലയിൽ പത്ത് കിലോമീറ്റർ ദൂരത്തിൽ 256 കോടി രൂപയുടെ കരാറായത്. കരാർ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പദ്ധതി കരാറിലായാൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ കെ.ജെ. മാക്സി എം.എൽ.എ വിവിധ വകുപ്പു മേധാവികളുടെ സംയുക്ത യോഗവും വിളിച്ചു ചേർത്തിരുന്നു. കിഫ്ബിയുടെ സഹായത്തോടെ ചെല്ലാനം തീരത്ത് 5300 കോടി രൂപയുടെ സംരക്ഷണ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. ജലസേചനവകുപ്പ് കിഫ്ബിയുടെ സഹായത്തോടെ 344.2 കോടിരൂപയുടെ ട്രെട്രാ പാഡുകളും സ്ഥാപിക്കുന്നുണ്ട്.