
കൊച്ചി: അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിരാജിന്റെ ഭാര്യ പ്രിയങ്ക സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തെന്ന കേസിന്റെ അന്വേഷണത്തിന് ദക്ഷിണമേഖലാ ഡി.ഐ.ജി ഹർഷിത അട്ടല്ലൂരി മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒരാഴ്‌ചയ്ക്കുള്ളിൽ ഡി.ജി.പി ഇതിന്റെ ഉത്തരവിറക്കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് നിർദ്ദേശിച്ചു. മുൻകൂർ ജാമ്യം തേടി ഉണ്ണിരാജിന്റെ അമ്മ ശാന്തമ്മ രാജൻ പി. ദേവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇതു സിംഗിൾ ബെഞ്ച് അനുവദിച്ചു. ഹർജിക്കാരിയെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നൽകണമെന്നാണ് വിധിയിൽ പറയുന്നത്.
കഴിഞ്ഞ മേയ് 12നാണ് പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന പരാതിയിൽ ഉണ്ണിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നൽകിയിരുന്നു.