കൊച്ചി: വിദേശരാജ്യങ്ങളുമായി ബന്ധമുള്ള ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിൽ അംഗങ്ങളായ രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയിൽ ഇവർ ഉൾപ്പെട്ട സംഘം ലഹരിപ്പാർട്ടി നടത്താൻ ശ്രമിച്ചത് സംബന്ധിച്ച വിവരങ്ങളുൾപ്പെടെ റെയ്ഡിൽ കണ്ടെടുത്തു.
പാലാരിവട്ടത്തെയും തമ്മനത്തെയും വീടുകളിലാണ് കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബംഗളൂരുവിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ വീടുകളിലെ വിദ്യാർത്ഥികൾ രണ്ടുപേരും ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരുവിലെ മയക്കുമരുന്നുകടത്ത് സംഘത്തെക്കുറിച്ച് ആറുമാസം മുമ്പാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. കൊറിയർ വഴി അയയ്ക്കാൻ സൂക്ഷിച്ചിരുന്ന പായ്ക്കറ്റിൽനിന്ന് മാരകമയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ, മെത്താംഫിത്താമൈൻ എന്നിവ പിടികൂടിയിരുന്നു.
പോർച്ചുഗൽ, സ്പെയിൻ, ക്യൂബ എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതാണ് മയക്കുമരുന്നുകൾ. ഡി.ജെ. പാർട്ടികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകളാണിവ. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിൽ സംഘം പാർട്ടി സംഘടിപ്പിക്കാൻ ശ്രമിച്ചത് സംബന്ധിച്ച വിവരം ലഭിച്ചതോടെയാണ് കസ്റ്റംസ് നിരീക്ഷണം ആരംഭിച്ചത്. പ്രശസ്തനായ ഒരു ഡി.ജെയെ പാർട്ടിക്കായി സമീപിച്ചെങ്കിലും നടന്നില്ല.
വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇരുവരെയും സംഘത്തിലെ മറ്റ് അംഗങ്ങളെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കൊറിയർ ബുക്ക് ചെയ്തത് സംബന്ധിച്ച രേഖകൾ വീട്ടിൽനിന്ന് ലഭിച്ചു. ബംഗളൂരുവിൽ രജിസ്റ്റർചെയ്ത കേസാണെങ്കിലും സംഘത്തിന്റെ കൊച്ചിയിലെ കണ്ണികളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അധികൃതർ പറഞ്ഞു.