hc

കൊച്ചി: തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നൽകാൻ തൊഴിലുടമയ്‌ക്ക് ബാദ്ധ്യതയുണ്ടെന്നും തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പേരിൽ ഗ്രാറ്റുവിറ്റി നിഷേധിക്കാനോ വൈകിപ്പിക്കാനോ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ കോട്ടയം ഡെപ്യൂട്ടി ലേബർ കമ്മിഷണർ നൽകിയ പന്ത്രണ്ട് ഉത്തരവുകൾക്കെതിരെ നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സ് കമ്പനി നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

വിരമിക്കുന്നതോ പിരിച്ചുവിടുന്നതോ ആയ ജീവനക്കാരന് ഗ്രാറ്റുവിറ്റി നൽകണമെന്നാണ് നിയമം. 2019ൽ വിരമിച്ച നാട്ടകം സ്വദേശി പി.എം. ജോയി ഉൾപ്പെടെയുള്ള തൊഴിലാളികൾ നൽകിയ പരാതിയിലാണ് ഇവർ അപേക്ഷ നൽകാൻ വൈകിയതു കണക്കിലെടുക്കാതെ ഗ്രാറ്റുവിറ്റി നൽകാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ഈ സാഹചര്യത്തിൽ ഗ്രാറ്റുവിറ്റി നൽകാനുള്ള ഉത്തരവുകൾ റദ്ദാക്കണമെന്നുമായിരുന്നു ട്രാവൻകൂർ സിമന്റ്സിന്റെ വാദം. എന്നാൽ സ്ഥാപനത്തിന്റെ മോശം സാമ്പത്തിക സ്ഥിതി ഗ്രാറ്റുവിറ്റി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും അപേക്ഷ വൈകിയെന്ന വാദം കണക്കിലെടുക്കാതെ ഉത്തരവു നടപ്പാക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. തൊഴിലാളികൾക്ക് പ്രയോജനകരമായ നിയമത്തിന്റെ ഘടനയെ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണത്താൽ മാറ്റി മറിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.