മൂവാറ്റുപുഴ: മുതിർന്ന സി.പി.ഐ നേതാവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ ഇ.എ.കുമാരന് വിട. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. അനാരോഗ്യത്തെ തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്ന ഇ.എ.കുമാരൻ കിഴക്കൻ മേഖലയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ തൊഴിലാളി വർഗത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വംനൽകിയ ഇ.എ.കുമാരൻ മൂവാറ്റുപുഴയിലെ ശാന്തിനികേതൻ ആശുപത്രി ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി എട്ടുദിവസം നിരാഹാരസമരം കിടന്നു.
ആയവന പഞ്ചായത്തിലെ ഏനാനല്ലൂരിൽ ഇടക്കുടിയിൽ പരേതരായ അച്ചുതന്റെയും കാളിയുടെയും മകനായി ജനിച്ച ഇ.എ.കുമാരൻ ആയവന സ്‌കൂളിൽ പത്താം ക്ലാസ് പാസായി. തുടർപഠനത്തിനായി പറവൂർ മാല്യംകര എസ്.എൻ.ടീച്ചേഴ്‌സ് ട്രൈനിംഗ് കോളേജിൽ ടി.ടിസിക്ക് പഠിക്കുമ്പോൾ മാല്യങ്കരയിൽ കമ്മ്യൂണിസ്റ്റായ എം.സി പ്രഭാകരന്റെ വസതിയിൽ താമസിച്ച് പഠിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആകൃഷ്ടനായി വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1969ൽ മൂവാറ്റുപുഴയിൽ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയായ കുമാരൻ പിന്നീട് എ.ഐ.വൈ.എഫിന്റെ പ്രവർത്തകനായി മാറി. എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ പാർട്ടി വിദ്യാഭ്യാസത്തിനായി മോസ്‌കോയിലേയ്ക്ക് പോയി. അവിടെനിന്നും മടങ്ങിയെത്തിയ കുമാരനെ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി.കെ.കേശവന്റെ നിര്യാണത്തെ തുടർന്ന് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും ഇ.എ.കുമരാനെ തിരഞ്ഞെടുത്തു.