v

കൊച്ചി: പി.വി. അൻവർ എം.എൽ.എയ്ക്ക് അനധികൃത സ്വത്തുണ്ടെന്ന പരാതിയിൽ കൊച്ചിയിലെ ഇൻകംടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടത്തുമെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. പി.വി. അൻവർ എം.എൽ.എയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ മലപ്പുറം ചേലമ്പാറ സ്വദേശി കെ.വി. ഷാജി നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്. 2011 മുതൽ 2019 വരെയുള്ള കാലയളവിൽ അൻവർ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും ഇലക്ഷനിൽ മത്സരിക്കാൻ നൽകിയ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ നിന്ന് ഇത് വ്യക്തമാണെന്നും ഹർജിക്കാരൻ പറയുന്നു. എന്നാൽ തനിക്ക് വരുമാനമില്ലെന്ന തരത്തിലാണ് അൻവർ ആദായ നികുതി വകുപ്പിൽ രേഖകൾ സമർപ്പിച്ചിട്ടുള്ളതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പിനും ഇ.ഡിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.