കൊച്ചി: ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ മാർഗംകളി ഉൾപ്പെടെ മത്‌സരങ്ങൾ സംഘടിപ്പിച്ചു. 24ന് ഉച്ചയ്ക്ക് രണ്ട് മണിമുതൽ വൈറ്റില, എം.ജി റോഡ്, കടവന്ത്ര, കളമശേരി സ്റ്റേഷനുകളിൽ ക്രിസ്മസ് കാർഡ് നിർമാണ മത്സരം നടക്കും.
25ന് കൊച്ചി മെട്രോയെക്കുറിച്ച് ഇൻസ്റ്റഗ്രാം റീൽ നിർമ്മാണ മത്സരമാണ്. ഓൺലൈനായി പങ്കെടുക്കാം. കെ.എം.ആർ.എല്ലിനെക്കുറിച്ചുള്ള റീലുകൾ നിർമ്മിച്ച് കൊച്ചി മെട്രോ എന്ന ഹാഷ്‌ടാഗോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. മികച്ചവ കൊച്ചിമെട്രോയുടെ സോഷ്യൽ മീഡിയ വേദികളിൽ റീ പോസ്റ്റ് ചെയ്യും. 26ന് ആലുവ സ്റ്റേഷനിൽ ഉച്ചയ്ക്ക് 2 മുതലും വൈറ്റില സ്റ്റേഷനിൽ 4മുതലും ഇടപ്പള്ളി സ്റ്റേഷനിൽ 6മുതലും മാർഗം കളി മത്സരം നടക്കും. 27ന് പത്തടിപ്പാലം, എറണാകുളം സൗത്ത്, പേട്ട സ്റ്റേഷനുകളിൽ രണ്ട് മണിമുതൽ പുതുവർഷ കലണ്ടറിനുള്ള ആർട്ട്‌വർക്ക് ഡിസൈനിംഗ് മത്സരവും 28ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി, അമ്പാട്ടുകാവ്, മഹാരാജാസ് കോളേജ്, ടൗൺഹാൾ സ്റ്റേഷനുകളിൽ രണ്ട് മുതൽ കൊച്ചി മെട്രോ ഡയറി ഡിസൈനിംഗ് മത്സരവും നടക്കും. 29ന് മഫിൻ മേക്കിംഗ് ആൻഡ് ഡെക്കേറഷൻ മത്സരം 12 മുതൽ 17 വരെ പ്രായമുള്ളവർക്കായും ആലുവ, ഇടപ്പള്ളി, തൈക്കൂടം, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനുകളിൽ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വിവിധ സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായി പെയിന്റിംഗ് മത്സരവും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു.