
അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധജ്വാല തലക്കോട്ട് പറമ്പിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. ചേറുംകവലയിൽ നടന്ന പ്രതിഷേധജ്വാല മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ്, കനാൽ കവലയിൽ നടന്ന സമരം സി.ഐ.ടി.യു നേതാവ് ടി.പി. ദേവസ്സിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ മൂപ്പൻകവല, തുറവൂർകവല എന്നിവിടങ്ങളിൽ പ്രതിഷേധം നടക്കും. റോഡുനിർമ്മാണത്തിലെ അപാകതമൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മൂന്നടിവരെ ഉയർന്നതോടെ റോഡിനിരുവശവും കാന നിർമ്മിക്കാത്തതാണ് അപകടകാരണം.കൂടാതെ മഴ പെയ്താൽ റോഡിനഭിമുഖമായ നൂറോളം വീടുകളിലും വെള്ളംകയറുന്ന സ്ഥിതിയാണ്. റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിച്ച് അടിയന്തരമായി റോഡിനിരുവശവും കാനനിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടിറി കെ.പി.രാജൻ പറഞ്ഞു.