
കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസണിനെതിരെ മൊഴി നൽകിയതിന് പൊലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാളുടെ മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ നിർദ്ദേശം നൽകിയത്. മോൻസണിനെതിരെ 12 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ മൂന്നെണ്ണത്തിൽ കുറ്റപത്രം നൽകിയെന്നും ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. മറ്റു കേസുകളിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സമഗ്രാന്വേഷണം നടത്തുകയാണെന്നും വ്യക്തമാക്കി. തുടർന്നാണ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി സിംഗിൾബെഞ്ച് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
പരസ്പരം ആരോപണമുന്നയിക്കാതെ സത്യം കണ്ടെത്തണം
മോൻസൺ മാവുങ്കലിനെതിരായ കേസിലെ അന്വേഷണ നടപടികൾ വ്യക്തമാക്കി ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ഇന്നലെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് എസ്.പി ചില വിവരങ്ങൾ നൽകുന്നില്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത്തരമൊരു ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഈ വാദത്തെ എതിർത്തു. തുടർന്നാണ് ഇ.ഡിയും ക്രൈംബ്രാഞ്ചും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാതെ സത്യം കണ്ടെത്താൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്.