
കൊച്ചി: ''നിങ്ങൾ ഒറ്റയ്ക്കാകില്ല, ഒറ്റപ്പെടില്ല, എന്തിനും വിളിക്കാം. പാർട്ടിയും ഞാനും ഒപ്പമുണ്ടാകും. പി.ടി നിലപാടുള്ള നേതാവായിരുന്നു. കോൺഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം...'' ചേർത്തുനിറുത്തി കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞ ആശ്വാസവാക്കുകൾ കേട്ട് പി.ടി. തോമസിന്റെ ഭാര്യ ഉമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മക്കളായ വിഷ്ണുവിനും വിവേകിനും സങ്കടം അടക്കിനിറുത്താനായില്ല. അവരുടെ മുഖത്തും കണ്ണീർച്ചാലുകൾ വീണു.
പൊതുദർശനത്തിനിടെ വികാര നിർഭരമായ രംഗങ്ങൾക്കാണ് എറണാകുളം ടൗൺഹാൾ വേദിയായത്. തിരക്കുകളെല്ലാം മാറ്രിവച്ച് പി.ടിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കൊച്ചിയിലെത്തിയ രാഹുൽ സാധാരണ പ്രവർത്തകനെപ്പോലെ 10 മിനിട്ടോളം ചെലവഴിച്ചാണ് മടങ്ങിയത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സുരക്ഷാ വാഹനത്തിന്റെ അകമ്പടിയോടെ രാഹുൽ ഗാന്ധി പൊതുദർശന വേദിയിലെത്തിയത്. ഉമയുടെ അടുത്തെത്തി ആശ്വാസവാക്കുകൾ പകരുകയാണ് ആദ്യം ചെയ്തത്. മക്കളെ ചേർത്തുനിറുത്തി തലോടി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. തുടർന്ന് പി.ടിയുടെ ഭൗതിക ദേഹത്തെ തൊഴുതു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രി പി. രാജീവ്, ബെന്നി ബഹനാൻ എം.പി, ഹൈബി ഈഡൻ എം.പി എന്നിവരുമായി സംസാരിച്ചശേഷമാണ് രാഹുൽ മടങ്ങിയത്.