
കൊച്ചി: മലയാളി നെഞ്ചേറ്റിയ ഒരുപിടി ഗാനങ്ങളുമായെത്തി കേരളകൗമുദി നൈറ്റും നെടുമുടി വേണു സ്മൃതിയും മാസ്മരിക ശബ്ദത്താൽ വിധു പ്രതാപും സിത്താരയും അവിസ്മരണീയമാക്കി. കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഭാഗമായായിരുന്നു ആഘോഷം. സുഖമാണീ നിലാവ് എന്ത് സുഖമാണീ കാറ്റ് എന്ന ഗാനത്തിലാണ് വിധു പ്രതാപ് ആരംഭിച്ചത്. തുമ്പപ്പൂ പെയ്യുന്ന പൂനിലാവേ എന്ന പഴമയുടെ ഈണവുമായാണ് ഗായിക സിത്താര വേദിയിലെത്തിയത്. വിധു പ്രതാപും സിത്താരയും പ്രിയനടൻ നെടുമുടി വേണുവിന് അദ്ദേഹം അഭിനയിച്ച സിനിമയിലെ ഗാനത്തിലൂടെ സ്മരണാഞ്ജലിയർപ്പിച്ചു. ഗുരുജീ ഒരു വാക്ക് എന്ന സിനിമയിലെ പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരിപൂത്തു എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്.
ഫാസ്റ്റ് നമ്പറായ ഡിയോ ഡിയോ എന്ന ഗാനവുമായി ഗായിക ശിഖ എത്തിയതോടെ സദസ് ഇളകിമറിഞ്ഞു. തമിഴ് ഹിറ്റ് ഗാനം വസീഗരാ എന്ന ഗാനവുമായെത്തി പാട്ടും പരുന്തക്കെട്ടും ഞാൻ പണ്ടേ മറന്നേ എന്ന നാടൻ പാട്ടിൽ സദസിനെ ഇളക്കിമറിച്ചായിരുന്നു ഗായിക സൗമ്യയുടെ മടക്കം. കലാഭവൻ മണിയുടെ ഓർമ്മകൾക്കു മുമ്പിൽ ഗാനാർച്ചനയുമായി ഗായകൻ സുധീഷ് മണിയുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ച് അദ്ദേഹത്തിന് പ്രിയപ്പെട്ട ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനവും വിധു ആലപിച്ചു. കാണികളെ മാസ്മരിക പ്രകടനത്താൽ അത്ഭുതപ്പെടുത്തി മജീഷ്യൻ സമ്പത്ത്. പത്തു മിനിറ്റോളം നീണ്ട പ്രകടനത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ് പ്രകടനത്തെ എതിരേറ്റത്.
നൃത്തചാരുതയേകി ആശാ ശരത്ത്
നൃത്തം തന്റെ ആത്മാവിഷ്കാരത്തിന്റെ ഭാഗമാക്കിയ നടി ആശാ ശരത്ത് ചടുലതയുള്ള മികവാർന്ന പ്രകടനവുമായാണ് കൗമുദിനൈറ്റിനെ ധന്യമാക്കിയത്. 'സദാപാലയ സാരസാക്ഷി' എന്ന ഗാനത്തിന് ചുവടുവച്ചപ്പോൾ വേദി നൃത്തഭംഗിയാൽ നിറവാർന്നു. തുടർന്ന് എന്തരോ മഹാനുഭാവലു എന്ന ഗാനത്തിനൊത്ത് ആശാ ശരത്തും സംഘവും നിറഞ്ഞാടി.