
കൊച്ചി: മോൻസൺ മാവുങ്കൽ കേസിലെ ഹൈക്കോടതി നടപടികളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിംഗിൾ ബെഞ്ച് സമൻസ് നൽകിയിട്ടും മുൻ സബ് ജഡ്ജി എസ്. സുദീപ് ഹാജരായില്ല. ഫേസ്ബുക്കിൽ വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുദീപിനെതിരെ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാൻ സിംഗിൾബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
മോൻസൺ കേസിലെ സിംഗിൾ ബെഞ്ചിന്റെ നടപടിയെ വിമർശിച്ച സുദീപ് ഹാജരായി വിശദീകരണം നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെ സമൻസ് ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ ഹൈക്കോടതി ജഡ്ജിയെയും നടപടികളെയും വിമർശിച്ച് വീണ്ടും സുദീപ് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതായി രജിസ്ട്രി റിപ്പോർട്ട് നൽകി. തുടർന്ന് ഹാജരാകാനുള്ള സമൻസ് റദ്ദാക്കിയ സിംഗിൾബെഞ്ച്, നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഒരു നിയന്ത്രണവുമില്ലാതെ സോഷ്യൽ മീഡിയയിൽ എന്തും പറയാമെന്നത് ഇക്കാലഘട്ടത്തിലെ ദുരന്തമാണെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. വിവാദ ഫേസ് ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യമായിട്ടും നടപടിയെടുക്കാതെ വിശദീകരിക്കാൻ അവസരം നൽകി. എന്നാൽ കോടതി നടപടികളെ അപഹസിച്ചു വീണ്ടും പോസ്റ്റിട്ടു. സ്വയം ഒരു രക്തസാക്ഷി ചമയാനുള്ള ശ്രമമാണിത്. മുൻ ജുഡിഷ്യൽ ഓഫീസർ ശ്രദ്ധ പിടിച്ചുപറ്റാൻ നിരന്തരം ഓരോന്നു പറയുകയാണ്. അതു കോടതിയുടെ ചെലവിൽ വേണ്ട. സോഷ്യൽ മീഡിയയും ഇന്റർനെറ്റും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇടമാണ്. എന്നാൽ ഇത്തരം വ്യക്തികൾ അതിനെ ദുരുപയോഗം ചെയ്യുന്നു- ഹൈക്കോടതി പറഞ്ഞു. പെരുമ്പാവൂർ സബ് ജഡ്ജിയായിരിക്കെ കഴിഞ്ഞ ജൂലായിൽ സുദീപ് രാജിവച്ചിരുന്നു.