
₹സർവേ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയോ , സ്ഥലമേറ്റെടുക്കാൻ അനുമതി ലഭിക്കുകയോ ചെയ്യാതെ സ്വകാര്യഭൂമി കൈയേറി കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശികളായ മുരളി കൃഷ്‌ണൻ, കുര്യൻ. ടി. കുര്യൻ, പി.എ. ജോണിക്കുട്ടി എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. സർക്കാർ വിജ്ഞാപനമനുസരിച്ച് സർവേ നടപടികൾ തുടരാമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജി ജനുവരി 12 നു വീണ്ടും പരിഗണിക്കും.
സിൽവർ ലൈൻ പദ്ധതിക്കുള്ള സ്ഥലമെടുപ്പിന് അംഗീകാരം ലഭിക്കും മുമ്പേ 1964ലെ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചാണ് സ്വകാര്യ ഭൂമിയിൽ കെ-റെയിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഭൂമി ഏറ്റെടുക്കാൻ അനുമതിയായെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണിത്. വൻ പൊലീസ് സന്നാഹത്തോടെയെത്തി ഭൂവുടമകളെ ഭീഷണിപ്പെടുത്തിയാണ് അന്യസംസ്ഥാന തൊഴിലാളികളെയും മറ്റും ഉപയോഗിച്ച് ഇവ സ്ഥാപിക്കുന്നത്. ഭൂമിയും വീടും കൈയേറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സർക്കാരും കെ-റെയിൽ അധികൃതരും അനധികൃതമായി ഭൂമി ഏറ്റെടുത്ത് പദ്ധതി തുടങ്ങുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. നിയമവിരുദ്ധമായി സ്ഥാപിച്ച കുറ്റികൾ നീക്കം ചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.