
പറവൂർ: പറവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഗാലറി പൊളിച്ചു നീക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചു. തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നഗരസഭയിൽ ലഭിച്ചെന്നു പൊതുമരാമത്തു സ്ഥിരംസമിതി അദ്ധ്യക്ഷൻ സജി നമ്പിയത്ത് പറഞ്ഞു. നവീകരണത്തിനു മുന്നോടിയായി അശാസ്ത്രീയമായി നിർമിച്ച ഗാലറി നീക്കം
ചെയ്യാനുള്ള കൗൺസിൽ തീരുമാനം സർക്കാരിലേക്ക് അയച്ചിരുന്നു. തുടർന്നാണ് അനുവാദം കിട്ടിയത്.
പറവൂർ നഗരത്തിൽ സ്ഥിതിചെയ്യുന്നത് രണ്ടേക്കറിലേറെ സ്ഥലമുള്ള മൈതാനമാണ്. സൗകര്യങ്ങളൊരുക്കിയാൽ വലിയ കായികമേളകളും ചാംപ്യൻഷിപ്പുകളും നടത്താം. ഏറെക്കാലമായി സ്റ്റേഡിയം നശിച്ചു കിടക്കുകയാണ്. കന്നുകാലികളുടെ മേച്ചിൽപ്പുറവും സാമൂഹിക വിരുദ്ധരുടെ താവളവുമാണ് ഇവിടം. മഴക്കാലത്തു വെള്ളക്കെട്ടും
രൂക്ഷമാണ്. ശൗചാലയം, ശുദ്ധജലം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ല. ഉപജില്ല സ്‌കൂൾ കായികമേള പോലും നടത്താനാവുന്നില്ല. ചില ക്ലബ്ബുകൾ പണം മുടക്കി മൈതാനം നിരപ്പാക്കി കളികൾ നടത്തുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് സ്റ്റേഡിയം പുനരുദ്ധരിക്കാൻ ചർച്ചകൾ നടന്നെങ്കിലും നടപ്പായില്ല.