
കൊച്ചി: ദുഃഖം താങ്ങാനാവതെ ആയിരങ്ങൾ പ്രണമിച്ചുനിൽക്കെ, മണ്ണിനും മനുഷ്യനുംവേണ്ടി ഉറച്ച നിലപാടുകൾ സ്വീകരിച്ച പി.ടി. തോമസ് എം.എൽ.എയുടെ ഭൗതികദേഹം മതപരമായ ചടങ്ങുകളൊന്നുമില്ലാതെ ചിതയിലെരിഞ്ഞ് പ്രകൃതിയിൽ ലയിച്ചു. പി.ടി ആഗ്രഹിച്ചതുപോലെ 'ചന്ദ്രകളഭം ചാർത്തി...' എന്ന ഇഷ്ടഗാനം അലയടിക്കേ, ഇന്നലെ വൈകിട്ട് 6.52 ന് രവിപുരം ശ്‌മശാനത്തിൽ മക്കളായ വിഷ്ണുവും വിവേകും ചേർന്ന് ചിതയിൽ അഗ്നിപകർന്നു.
സ്വന്തം നിയമസഭാ മണ്ഡലമായ തൃക്കാക്കരയിലെ പൊതുദർശനം കഴിഞ്ഞ് വൈകിട്ട് 6.15 ന് ഭൗതികശരീരം ശ്‌മശാനത്തിച്ചു. മുൻ അംബാസഡർ വേണു രാജാമണി ഉൾപ്പെടെയുള്ള മഹാരാജാസ് കോളേജിലെ പി.ടിയുടെ സഹപാഠികൾ അദ്ദേഹത്തിന്റെ ഇഷ്‌ടഗാനം പാടിയാണ് ഭൗതികശരീരത്തെ ശ്മശാനത്തിലേക്ക് എതിരേറ്റത്. ഭാര്യ ഉമ, മക്കളായ ഡോ. വിഷ്ണു തോമസ്, വിവേക് തോമസ്, മരുമകൾ ബിന്ദു എന്നിവർ അനുഗമിച്ചു. പൊലീസ് സംഘം ഗാർഡ് ഒഫ് ഓണർ അർപ്പിച്ചു. പ്രിയ നേതാവിനെ വാഴ്ത്തുന്ന മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.
രാമച്ചം വിതറി ഒരുക്കിയ ചിതയിലാണ് പി.ടിയുടെ മൃതദേഹം കിടത്തിയത്. നെറുകയിൽ തലോടി ചുംബനം നൽകിയാണ് ഉമ യാത്രയാക്കിയത്. മക്കൾ രണ്ടുപേരും അന്ത്യചുംബനം നൽകി വിതുമ്പിക്കരഞ്ഞു. പി.ടിയുടെ ആഗ്രഹപ്രകാരമാണ് മതപരമായ ചടങ്ങുകൾ ഒഴിവാക്കിയത്. എറണാകുളം കരയോഗമാണ് നിലവിളക്കു കൊളുത്തി സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ചിതാഭസ്‌മത്തിന്റെ ഒരു ഭാഗം അമ്മയെ സംസ്കരിച്ച ഇടുക്കി ഉപ്പുതോടിലെ കല്ലറയിൽ നിക്ഷേപിക്കും.
വിതുമ്പലടക്കി ആത്മസഖി, കൈ പിടിച്ചു മക്കൾ
കൊച്ചി: ജീവിതത്തിലേക്ക് കൈപിടിച്ച് ഒപ്പം കൂട്ടിയ പ്രിയതമന്റെ മൃതദേഹത്തിനു മുന്നിലും മനസിടറാതെ നിന്ന ഭാര്യ ഉമ കണ്ടുനിന്നവർക്കാകെ നൊമ്പരമായി. അമ്മയുടെ കൈകൾ ചേർത്തുപിടിച്ചുനിന്ന മക്കൾ പി.ടിക്ക് അന്ത്യചുംബനം നൽകിയപ്പോൾ വിതുമ്പിക്കരഞ്ഞു.
വെല്ലൂരിൽ നിന്ന് പി.ടിയുടെ മൃതദേഹത്തിനൊപ്പം വന്ന ഭാര്യയും മക്കളും പൊതുദർശനം നടത്തിയ ടൗൺ ഹാളിലും തൃക്കാക്കരയിലും വിതുമ്പലടക്കിയാണ് നിന്നത്. പ്രണയത്താൽ വിലക്കുകൾ ഭേദിച്ച് ജീവിതത്തിൽ ചേർത്തുനിറുത്തിയ പി.ടിയുടെ വേർപാടിലും അവർ തളർന്നില്ല. പി.ടിയുടെ ആത്മസഖി അതേ കരുത്തു കാട്ടുകയായിരുന്നു. തൃക്കാക്കരയിൽനിന്ന് ശ്മശാനത്തിലേക്ക് വോൾവോ ബസിലായിരുന്നു അന്ത്യയാത്ര. ഫ്രീസറിൽ കിടത്തിയ പി.ടിയുടെ തലയുടെ മുകളിൽ ഇരുകൈകളും അമർത്തി ഇമവെട്ടാതെ നിൽക്കുകയായിരുന്നു ഉമ. അമ്മയുടെ കൈകളിൽ കൈകൾ ചേർത്ത് മക്കളും നിന്നത് കണ്ണീരുണങ്ങാത്ത കാഴ്ചയായി. ശ്മശാനത്തിലെത്തിച്ചപ്പോഴും പി.ടിയോട് ചേർന്നുതന്നെ മൂവരും നിന്നു. ചിതയിൽ പി.ടി അമരുമ്പോഴും നൊമ്പരം കടിച്ചമർത്തിനിൽക്കുകയായിരുന്നു ഉമ.