
ആലങ്ങാട്: കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. വെളിയത്തുനാട് അടുവാത്തുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണ് (15) മരിച്ചത്. ആലങ്ങാട് കോട്ടപ്പുറം ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ നന്ദനയെ കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിയോടെ സ്‌കൂൾ കഴിഞ്ഞ് മടങ്ങുംവഴിയാണ് കാണാതായത്. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ തടിക്കക്കടവ് പാലത്തിന് അടിയിലായി സ്‌കൂൾ ബാഗ് കണ്ടെത്തി. തടിക്കക്കടവ് റോഡിലെ സ്ഥാപനത്തിലെയും വീട്ടിലെയും സി.സിടിവികളിൽനിന്ന് വിദ്യാർത്ഥിനി ഇതുവഴി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയോടെ തടിക്കക്കടവ് ഭാഗത്ത് പെരിയാറിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ സ്‌കൂബ ടീമാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കളമശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അമ്മ: സുനിത. സഹോദരി: നയന.