
കൊച്ചി: പച്ചക്കറികൃഷി വ്യാപകമാക്കാനും പ്രോത്സാഹിപ്പിക്കാനും കേരളകൗമുദി നടപ്പാക്കുന്ന കാർഷികഗ്രാമം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണപിന്തുണയും സഹായവും നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനവും പുതുതായി നടപ്പാക്കുന്ന കാർഷികഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും അന്തരിച്ച നടൻ നെടുമുടി വേണുവിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച കലാസന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും കൃഷിചെയ്യാൻ ഉത്തരവാദിത്വമുണ്ട്. തക്കാളിക്ക് 100 രുപയും മുരിങ്ങക്കായ്ക്ക് 250 രൂപയും കടക്കുമ്പോൾ അയൽ സംസ്ഥാനത്തേക്ക് നോക്കിയിട്ട് കാര്യമില്ല. അവിടെനിന്ന് പച്ചക്കറികൊണ്ടുവന്ന് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. എല്ലാക്കാലത്തേക്കുമുള്ള പരിഹാരമാർഗം അതല്ല. വിലക്കയറ്റത്തിന്റെ തീവ്രത ഉണ്ടാകുമ്പോൾ നാം കൃഷിയിലേക്ക് ഇറങ്ങുന്നുണ്ടോ എന്നതാണ് പ്രധാനം. ഭക്ഷണത്തിന്റെ കാര്യത്തിൽ സാക്ഷരതയില്ലാത്ത ഏകജീവി മനുഷ്യരാണ്. പ്രതിസന്ധികാലത്ത് ഒന്നുരണ്ട് വിത്തെങ്കിലും നട്ട് പരിപാലിച്ചുകൂടേ. കേരളകൗമുദി അത്തരമൊരു ചിന്തയെ കൊച്ചിയുടെ മണ്ണിൽ പ്രവഹിപ്പിക്കാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ട്.
ഈ ലോകം നശിപ്പിക്കാൻ ഒരു ആറ്റം ബോംബിന്റെയോ നൈട്രജൻ ബോംബിന്റെയെോ ആവശ്യമില്ല. കർഷകൻ കൃഷിയിടത്തിൽനിന്ന് മാറിനിന്നാൽ മാത്രംമതി. അതുകൊണ്ടാണ് കേരളകൗമുദി ആവിഷ്കരിച്ച കാർഷികഗ്രാമം പദ്ധതി ഏറെ വിശിഷ്ടമാകുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ട് പ്രമുഖ യൂണിയനുകൾ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതും ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേരളകൗമദി ഡെപ്യൂട്ടി എഡിറ്ററും കൗമുദി ടിവി ബ്രോഡ്കാസ്റ്റിംഗ് ഹെഡുമായ എ.സി. റെജി അദ്ധ്യക്ഷതവഹിച്ചു. ചലച്ചിത്രതാരം വിപിൻ ആറ്റ്ലി, എസ്.എൻ.ഡി.പിയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറഞ്ഞു.